Section

malabari-logo-mobile

ജിഫ്രിതങ്ങള്‍ക്കെതിരെ മുസ്ലീംലീഗില്‍ പടയൊരുക്കം; കോഴിക്കോട് സമ്മേളനം സമസ്തക്കുള്ള മറുപടിയാകുമോ?

HIGHLIGHTS : കോഴിക്കോട്; വഖഫ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടിന്റെ പേരില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തക്കോയ തങ്ങള്‍ക്കെതിരെ മുസ്ലീം ലീഗില്‍ പടയൊരുക്കം. വഖഫ് വിഷയ...

കോഴിക്കോട്; വഖഫ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടിന്റെ പേരില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തക്കോയ തങ്ങള്‍ക്കെതിരെ മുസ്ലീം ലീഗില്‍ പടയൊരുക്കം. വഖഫ് വിഷയത്തില്‍ മുസ്ലീം സംഘടകളുടെ യോജിച്ചുള്ള പ്രക്ഷോഭത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തകര്‍ത്തുവെന്നെ ആക്ഷേപമാണ് ലീഗ് ഉന്നയിക്കുന്നു. വഖഫ് വിഷയത്തില്‍ പള്ളികളില്‍ വെള്ളിയാഴ്ച ജുമാ ക്ക് ശേഷം വിശദീകരണം നടത്താനുള്ള നീക്കം വിവാദമായതോടെ സമസ്ത ഇതില്‍ നിന്നും പിന്‍മാറിയിരുന്നു. പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറിയത് മാത്രമല്ല മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം പ്രക്ഷോഭമാവാം എന്ന് പ്രഖ്യാപിച്ചതാണ് ലീഗിനെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ മുസ്ലീം ലീഗ് അണികള്‍ ജിഫ്രിതങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ മൂര്‍ച്ച കൂട്ടിയിരിക്കുകാണ്. ജിഫ്രി തങ്ങളുടെ അഭിപ്രായം സമസ്തയുടെ ആകെ അഭിപ്രായമല്ല എന്ന് വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

ഇതോടൊപ്പം ജിഫ്രി മുത്തുക്കോയ തങ്ങളെ സമസ്തയുടെ നേതൃത്വത്തില്‍ നിന്നും നീക്കാനാകുമോ എന്നും മുസ്ലീംലീഗ് ശ്രമിക്കുന്നുണ്ട്. സമസ്ത മുശവറ അംഗം ബഹാവുദ്ദീന്‍ നദ്‌വി, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് ഈ ശ്രമം. ചില യുവജന സംഘടനാ നേതാക്കളും ഇവരോടൊപ്പമുണ്ട്. സമസ്ത ജനറല്‍ സക്രട്ടറി ജനറല്‍ സെക്രട്ടറി ടി.കെ ആലിക്കുട്ടി മുസ്ലിയാരടക്കം പണ്ഡിത സഭയിലെ ഭൂരിപക്ഷം പേരും ജിഫ്രി തങ്ങളുടെ നിലപാടിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്ന മുസ്ലീം ലീഗ് ഡിസംബര്‍ ഒമ്പതിന് കോഴിക്കോട് കടപ്പുറത്ത് വന്‍ സമ്മേളനം വിളിച്ചുചേര്‍ക്കുന്നുണ്ട്. ഈ സമ്മേളനം വലിയ വിജയമാക്കി സമസ്തക്കുള്ള ഒരു മറുപടി കൂടി നല്‍കാനാണ് ലീഗ് ഉദ്ദേശിക്കുന്നത്. ഈ സമ്മേളനത്തില്‍ സമസ്ത പ്രസ്ഥാനത്തില്‍ നിന്നും നേതാക്കളടക്കം പരമാവധി ആളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ സമ്മേളനത്തിന് മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണ കൂടിയുണ്ടെന്നാണ് സൂചന. കാരണം വഖഫ് വിഷയത്തില്‍ മുജാഹിദ് വിഭാഗങ്ങളെയും ജിഫ്രി തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.
സമസ്തയിലാകട്ടെ സുന്നിപ്രസ്ഥാനത്തെ ലീഗ് നേതൃത്വം വോട്ട് ബാങ്കായി മാത്രമെ കാണുന്നൊള്ളുവെന്നും മുജാഹിദുകളുടെ താല്‍പര്യമാണ് അവരെ നയിക്കുന്നതെന്നുമുള്ള വിമര്‍ശനവും സജീവമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും, ജമാ അത്തെ ഇസ്ലാമിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യമാണ് സമസ്തയും ലീഗുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്, പിന്നീട് പൗരത്വ ഭേതഗതി ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുസര്‍ക്കാരിനൊപ്പം നിന്നതും അകല്‍ച്ച കൂട്ടി. മുഖ്യമന്ത്രിയുമായി മുസ്ലീലീഗ് അല്ലാതെ സമസ്ത നേരിട്ട് ചര്‍ച്ച ചെയ്യുന്നത് ഉള്‍ക്കൊള്ളാനും ലീഗിന് പ്രയാസമുണ്ട്.

ഒമ്പതാം തിയ്യതിയിലെ സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ ചര്‍ച്ച നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ചര്‍ച്ച നടത്തി സമസ്തയുടെ ആശങ്ക പരിഹരിക്കാനകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!