Section

malabari-logo-mobile

ആംബുലന്‍സ് ഒന്നര കിലോമീറ്റര്‍ അകലെയാണോ; എങ്കിലും നമ്മുടെ വണ്ടി അറിയും;പരീക്ഷണവുമായി പരപ്പനങ്ങാടി സ്വദേശിയായ യുവാവ്

HIGHLIGHTS : When an ambulance comes behind normal vehicles, its siren can be heard from far away.

പരപ്പനങ്ങാടി:സാധാരണ വാഹനങ്ങള്‍ക്കുപിറകേ ആംബുലന്‍സ് വരുമ്പോള്‍ അതിന്റെ സൈറണ്‍ ദൂരെനിന്നുതന്നെ കേള്‍ക്കാം. എന്നാല്‍ കനത്തമഴയും കാറ്റുമുള്ളപ്പോള്‍, ഗ്ലാസുകള്‍ അടച്ചോ,പാട്ടുകേട്ടോ ആണ് പോകുന്നതെങ്കില്‍ ആംബുലന്‍സ് തൊട്ടുപിറകില്‍ ആണെങ്കില്‍പോലും സൈറണ്‍ കേട്ടെന്നുവരില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ക്കുള്ള പരിഹാരമായി ഒരു സംവിധാനവുമായി എത്തിയിരിക്കുകയാണ് ശ്രീരാഗ് എന്ന ഇരുപത്തിനാലുകാരന്‍.

പരപ്പനങ്ങാടി പുത്തന്‍പീടിക കൊളക്കുന്നത്തുവീട്ടിലെ ശ്രീരാഗ്. കെ ആണ് ഒന്നരക്കിലോമീറ്റര്‍ അകലെ ആംബുലന്‍സ് എത്തിയാല്‍ ശബ്ദമുണ്ടാക്കുന്ന ‘ഓട്ടോ ഓട്ടോമാറ്റിക് സിസ്റ്റം’ രൂപകല്പന ചെയ്തത്. ആംബുലന്‍സ് ഒന്നരക്കിലോമീറ്റര്‍ അടുത്തെത്തിയാല്‍ നമ്മുടെ വണ്ടിക്കകത്ത് ചുവന്ന വെളിച്ചം തെളിയുകയും, ഒപ്പം ഒരു ബസര്‍ ശബ്ദവും മുഴങ്ങും. ആംബുലന്‍സ് അരക്കിലോമീറ്റര്‍ ദൂരെയെത്തിയാല്‍ നീലവെളിച്ചവും ബസര്‍ ശബ്ദവുമാണ് ഉണ്ടാവുക. അസാധാരണ സന്ദര്‍ഭങ്ങളില്‍ അസാധാരണവേഗത്തില്‍ പോകേണ്ടിവരുന്ന ആംബുലന്‍സുകളെ ഉദ്ദേശിച്ചാണിത്.

sameeksha-malabarinews

ഒന്‍മ്പത് വര്‍ഷം മുന്‍പാണ് ശ്രീരാഗിന് ഇങ്ങനെയൊരു ആശയം തോന്നിയത്. നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടുനിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സില്‍ ഹൃദയമെത്തിച്ച വാര്‍ത്ത കണ്ടപ്പോഴാണത്. വലിയ മുന്നൊരുക്കത്തോടെ പോലീസും സന്നദ്ധപ്രവര്‍ത്തകരും ഒരുമിച്ച് നിന്നാണ് വഴികളിലുടനീളം തടസ്സമില്ലാത്ത യാത്രയൊരുക്കിയത്. ഒരുപാട് ആളുകളും പരിശ്രമവുമില്ലാതെ എങ്ങനെ ആംബുലന്‍സിന് വഴിയൊരുക്കാം എന്ന ചിന്തയില്‍നിന്നാണ് ഈ ആശയവും സംവിധാനമുണ്ടായത്.

അതിവേഗ ആംബുലന്‍സുകള്‍ 45 സെക്കന്‍ഡിനകം ഒരുകിലോമീറ്റര്‍ സഞ്ചരിക്കും. ഈ സമയത്തിനുമുന്നേ അറിഞ്ഞാലേ മറ്റു വാഹനങ്ങള്‍ക്ക് വഴിമാറാന്‍ സമയംകിട്ടൂ. ഇതിനായി ആംബുലന്‍സില്‍ ട്രാന്‍സ്മിറ്റര്‍ ചിപ്പ് ഘടിപ്പിക്കണം. ഇതിന് 1500 രൂപയാണ് ചിലവ്വരുന്നത്. ഇതില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കാനുള്ള റിസീവറുകള്‍ റോഡിലോടുന്ന മറ്റെല്ലാ വാഹനങ്ങളിലും വേണം. ഇത്തരമൊരു റിസീവര്‍ 2000 രൂപയ്ക്ക് ഘടിപ്പിക്കാം. ഇതിനു പേറ്റന്റ് എടുക്കാനും ശ്രീരാഗ് ശ്രമിക്കുന്നുണ്ട്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.പി. സന്ദീപ് കുമാര്‍, കൊടുവള്ളിയിലെ എം.വി.ഐ. സി.കെ. അജില്‍കുമാര്‍ തുടങ്ങിയവര്‍ ശ്രീരാഗിന് പ്രോത്സാഹനം നല്‍കി.
2018-ല്‍ MEXPO 18, സ്റ്റേറ്റ് ലെവല്‍ പ്രൊജക്റ്റ് കോമ്പറ്റിഷനില്‍ ബെസ്റ്റ് ഹ്യുമാനിറ്റേറിയന്‍ കാറ്റഗറിയില്‍ ഫസ്റ്റ് പ്രൈസും ഒപ്പം ക്യാഷ്‌പ്രൈസും പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്.

വെള്ളം കൂടുന്നതിനനുസരിച്ച് നദീതീരത്തെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു ടവര്‍ ബസര്‍ സംവിധാനം എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ശ്രീരാഗ് രൂപകല്പന ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ഭാഗമായായിരുന്നു അത്. മോഷണംതടയാന്‍ ബൈക്ക്, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളില്‍ സിം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സംവിധാനവും ശ്രീരാഗ് കണ്ടെത്തിയിട്ടുണ്ട്.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ ബിരുദധാരിയായ ശ്രീരാഗ് ഇപ്പോള്‍ ഒരു വാഹനവിപണന സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. ബിസിനസ്സുകാരനായ സദാശിവന്റെയും ആശാവര്‍ക്കര്‍ മഞ്ജുളയുടെയും മകനാണ് ശ്രീരാഗ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!