മയക്കുമരുന്നുമായി പിടിയിലായ എഞ്ചനിയറിങ് ബിരുദധാരിക്ക് 24 വര്‍ഷം കഠിന തടവ്

കോഴിക്കോട്:മയക്കുമരുന്നുകളുമായി പിടിയിലായ എഞ്ചിനിയറിംഗ് ബിരുദധാരിക്ക് വടകര NDPS സ്‌പെഷ്യല്‍ കോടതി 24 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 1.52 ഗ്രാം LSD, 1.435 കി.ഗ്രാം ഹാഷിഷ് ഓയില്‍, 2.74 ഗ്രാം MDMA,3.15 ഗ്രാം കൊക്കൈന്‍ എന്നിവയുമായി അറസ്റ്റിലായ കോഴിക്കോട് മാങ്കാവ് സ്വദേശി ഫസലു എന്നയാളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി കൊറിയര്‍ വഴി ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു ഇയാള്‍. ഫസലുവിന്റെ പേരില്‍, 2017 ല്‍ മയക്കുമരുന്ന് കൈവശം വച്ചതിന്, കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ ഒരു കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു.

2022 മാര്‍ച്ച് മാസം പതിനാറാം തീയതിയാണ് ഫസലുവിനെ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഉത്തരമേഖല എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍ ആര്‍ എന്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസിന്റെ അന്വേഷണം ഏറ്റെടുത്തു പ്രതി റിമാന്‍ഡിലിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചു. ഫസലുവിന് ബാംഗ്ലൂരില്‍ നിന്നും MDMA സംഘടിപ്പിച്ചു നല്‍കിയ കോഴിക്കോട് സ്വദേശിയേയും, ബാംഗ്ലൂരിലെ ആഫ്രിക്കന്‍ സ്വദേശിയുടെ പക്കല്‍ നിന്നും കൊക്കൈന്‍ സംഘടിപ്പിച്ച് നല്‍കിയ ബാംഗ്ലൂര്‍ സ്വദേശിയേയും പിന്നീട് എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

വിചാരണ പൂര്‍ത്തിയാക്കിയ വടകര NDPS സ്‌പെഷ്യല്‍ കോടതി 1.52 ഗ്രാം LSD കൈവശം വച്ചതിന് 13 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ,1.435 കി.ഗ്രാം ഹാഷിഷ് ഓയില്‍ കൈവശം വച്ച കുറ്റത്തിന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും 2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈന്‍ എന്നിവ കൈവശം വച്ച കുറ്റത്തിന് 6 മാസം വീതം തടവിനുമായി ആകെ 24 വര്‍ഷം പ്രതിക്ക് ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സനൂജ് ഹാജരായി. എക്‌സൈസ് ക്രൈം ബ്രാഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ സുഗന്ധകുമാര്‍ കെ വി ,സുധീര്‍ കെ ,സജീവ് പി സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിബില്‍ എ ,എക്‌സൈസ് ഡ്രൈവര്‍ രാജേഷ് എന്‍ എന്നിവരാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top