പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കൊച്ചി: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തിൽ പരിക്കേറ്റത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിംഗ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.

പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. കെഎസ്‌സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന്‍ 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.റോഡ് സുരക്ഷയ്ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ബസ് പാസഞ്ചേഴ്‌സ് അസോസിയഷൻ, കെ.എസ്.ഇ.ബി ഉപഭോക്തൃ അസോസിയേഷൻ എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്.മക്കൾ: അശ്വിൻ ഡി കാപ്പൻ (അയർലൻഡ്), മരിയറ്റ കാപ്പൻ (ഗവേഷക വിദ്യാർഥി, കേരള യൂണിവേഴ്സിറ്റി), എഡ്വിൻ ഡി കാപ്പൻ (യു.കെ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top