Section

malabari-logo-mobile

സഊദി കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതി വിതരണം ശനിയാഴ്ച്ച

HIGHLIGHTS : Security plan distribution of Saudi KMCC on Saturday

തിരൂരങ്ങാടി : പ്രവാസ ലോകത്തെ ഏറ്റവും വലിയ കാരുണ്യപദ്ധതിയായ സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യവിതരണം ശനിയാഴ്ച്ച. കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും അംഗങ്ങളായിരിക്കെ മരണപ്പെട്ട മുപ്പത് പേരുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണവും, പദ്ധതിയില്‍ അംഗങ്ങളായ നൂറ്റി എഴുപത് പേര്‍ക്കുള്ള ചികിത്സാ സഹായ വിതരണ ഉദ്ഘാടനവുമാണ് സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുക. മാര്‍ച്ച് രണ്ടിന് ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് ചെമ്മാട് കോ ഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് രണ്ട് കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും പദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടിയും അറിയിച്ചു.

മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി എം എല്‍ എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, എം പി അബ്ദുല്‍ സമദ് സമദാനി എം പി, പി.വി അബ്ദുല്‍ വഹാബ് എം പി, അഡ്വ: പി എം എ സലാം, കെ.പി.എ മജീദ് എം എല്‍ എ, ഡോ.എം.കെ മുനീര്‍ എം എല്‍ എ, എം.സി മായിന്‍ഹാജി, അബ്ദുല്‍റഹ്‌മാന്‍ കല്ലായി, ഉമ്മര്‍ പാണ്ടികശാല, പി.കെ അബ്ദുറബ്ബ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം എല്‍ എ, സി.പി സൈതലവി, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം എല്‍ എ, ഹനീഫ മൂന്നിയൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച്. മഹമൂദ് ഹാജി, എം കെ ബാവ, പി എം എ സമീര്‍ തുടങ്ങിയവരും കെഎംസിസി നേതാക്കളും പങ്കെടുക്കും.

sameeksha-malabarinews

രാജ്യത്തെ മലയാളി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി ജാതി മത രാഷ്ട്രീയ ഭേദമന്യേ അംഗത്വം നല്‍കികൊണ്ട് നടപ്പിലാക്കി വരുന്ന സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ ഇക്കൊല്ലം മുക്കാല്‍ ലക്ഷത്തിലധികം പ്രവാസികള്‍ അംഗങ്ങളാണ്. മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിന്നും ആനുകൂല്യമായി നല്‍കി വരുന്നത്. ഇതിന് പുറമേ പദ്ധതിയില്‍ അംഗമായിരിക്കുമ്പോള്‍ മാരക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നടത്തുന്നവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട്.

കോഴിക്കോട് ആസ്ഥാനമായി റെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത് . പ്രവാസികള്‍ക്ക് പുറമേ മുന്‍പ്രവാസികള്‍ക്ക് കൂടി അംഗത്വം നല്‍കികൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുന്നത്. ഹദിയത്തുറഹ്‌മയെന്ന പേരില്‍ അറുപത് വയസ്സ് പിന്നിട്ട മുന്‍കാലങ്ങളില്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് മാസാന്ത പെന്‍ഷന്‍ പദ്ധതിയും നിലവിലുണ്ട്. പരിപാടിയില്‍ നാട്ടിലുള്ള സഊദിയിലെ പ്രവാസി സമൂഹവും കെഎംസിസി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കെഎംസിസി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. കെ.പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ബഷീര്‍ മൂന്നിയൂര്‍, മജീദ് പുകയൂര്‍ തുടങ്ങിയ നേതാക്കള്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!