Section

malabari-logo-mobile

മലപ്പുറം ബസ് ടെര്‍മിനല്‍ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും; മന്ത്രി അഡ്വ.ആന്റണി രാജു

HIGHLIGHTS : Malappuram Bus Terminal first phase to be completed within six months; Minister Adv.Anthony Raju

മലപ്പുറം കെ.എസ.്ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു. ബസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പി.ഉബൈദുള്ള എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

നാല് നിലകളിലുള്ള ടെര്‍മിനല്‍ കം ഷോപിങ് കോംപ്ലക്സില്‍ യാത്രക്കാര്‍ വരുന്ന ഭാഗത്തിന്റെ നിര്‍മാണമാണ് ആദ്യം പൂര്‍ത്തിയാക്കുക. മൂന്ന് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് കോടി പി.ഉബൈദുള്ള എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം താഴെ നില ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി ജോലികള്‍ പൂര്‍ത്തീകരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം മറ്റ് രണ്ട് നിലകളുടെ പ്രവൃത്തിയും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

കോവിഡ് സമയത്ത് നിര്‍ത്തിവച്ച സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. ജീവനക്കാരുടെ ജോലി സമയം പുതുക്കി നിശ്ചിയിക്കുന്നതോടെ നിലവിലെ ബസുകള്‍ ഉപയോഗിച്ച് തന്നെ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയും. ജോലി സമയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടുത്ത ആഴ്ചയില്‍ യോഗം ചേരും. പെരിന്തല്‍മണ്ണ – വളാഞ്ചേരി, തിരൂര്‍ – ചമ്രവട്ടം – പൊന്നാനി റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഏര്‍വാടി, വേളാങ്കണ്ണി, പഴനി റൂട്ടുകളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍മിച്ച ശുചിമുറി യാത്രക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വര്‍ക്ഷോപിന് അകത്താണ് ഈ ശുചിമുറികള്‍ എന്നതിനാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. യാത്രക്കാര്‍ക്കായി നിര്‍മിച്ച ശുചിമുറി ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. ഇതിനുള്ള പരിഹാരമായി കോട്ടക്കുന്ന് റോഡിനോട് ചേര്‍ന്ന് താത്കാലികമായി പുതിയ പ്രവേശന കവാടം നിര്‍മിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം കഴിയുന്നതോടെ പുതിയ ശുചിമുറിയും സജ്ജമാകും. കഫറ്റീരിയ, ശുചിമുറി, മുലയൂട്ടല്‍ കേന്ദ്രം എന്നിവയെല്ലാം അടങ്ങിയ ടേക് എ ബ്രേകിന് സ്ഥലം അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!