തൃശ്ശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തി. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു (24) ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കൊല്ലപ്പെട്ട അമ്മ ശോഭനയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.
വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടില്‍ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. തല തകര്‍ന്ന് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു ശോഭന. ശോഭനയുടെ ഭര്‍ത്താവ് ചാത്തുക്കുട്ടി പണിക്ക് പോയിരിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം വിഷ്ണു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയുമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് നാട്ടുകാരും, അയല്‍ക്കാരും കൊലപാതക വിവരം അറിയുന്നത്.
ചോദ്യം ചെയ്യലില്‍ സാമ്പത്തിക പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഫോറന്‍സിക് വിദഗ്ധര്‍ ശനിയാഴ്ചയെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമേ തുടര്‍നടപടികളുണ്ടാകൂ.




