Section

malabari-logo-mobile

‘കോണ്‍ഗ്രസിനെതിരെ വന്നാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കും’; ജോജുവിനെതിരെ ഭീഷണിയുമായി വീണ്ടും സുധാകരന്‍

HIGHLIGHTS : കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകര...

കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജുവിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് അദ്ദേഹത്തെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കെ സുധാകരന്‍ പറഞ്ഞത്: ”ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകര്‍ക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അനാവശ്യ സമരങ്ങള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. ഇന്ധന വില വര്‍ദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഇന്ധന വിലവര്‍ദ്ധനവ് പ്രശ്നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ അതല്ല. ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകള്‍ എതിരേ വരുന്നത് സ്വാഭാവികമാണ്.”

sameeksha-malabarinews

”തുടര്‍ച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളില്‍ പോലും വാ തുറക്കാത്ത സിനിമാ നടന്‍മാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ എതിര്‍ക്കുന്നത് അപലപനീയമാണ്. അല്‍പമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ താരങ്ങള്‍ തയ്യാറാകണം. സമരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങള്‍ക്ക് താരാട്ട് പാടുന്ന മാധ്യമങ്ങള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ട്. എന്നാല്‍ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളില്‍ നിന്ന് ഇപ്പോള്‍ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേള്‍പ്പിച്ച എറണാകുളം ഡിസിസിയ്ക്കും സമര ഭടന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍!”

അതേസമയം, ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവം കോണ്‍ഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഇന്ധനവില വര്‍ദ്ധനവിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് ധാര്‍മ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വര്‍ദ്ധിക്കാന്‍ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരാണ് കോര്‍പ്പറേറ്റുകള്‍ക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!