Section

malabari-logo-mobile

ഭൂരേഖകള്‍ വരും തലമുറയ്ക്ക് കൈമാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി കെ രാജന്‍

HIGHLIGHTS : Handing over land records to the next generation is the need of the hour: Minister K Rajan

സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റ് രേഖകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന ഭൂവിവരങ്ങളും, പുരാതന സര്‍വ്വെ രേഖകളും, സര്‍വ്വെ ഉപകരണങ്ങളും വരും തലമുറയ്ക്കായി കേടുകൂടാതെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് റവന്യു ഭവന നിര്‍മാണ, സര്‍വേ വകുപ്പ് മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സര്‍വേ ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സര്‍വ്വെ മ്യൂസിയത്തിന്റെയും സെന്‍ട്രല്‍ സര്‍വ്വെ ഓഫീസിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ വിവിധ സര്‍വ്വെ ഓഫീസുകളില്‍ പുരാതനവും അമൂല്യവുമായ സര്‍വ്വെ രേഖകളുടേയും സര്‍വ്വെ ഉപകരണങ്ങളുടേയും വലിയ ശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇത്തരം രേഖകള്‍ സംരക്ഷിച്ച് പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനും സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഒരു ബൃഹത് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. ആയതിലേക്ക് 36,000 ചതുരശ്ര അടി വിസ്തൃതിയില്‍ സര്‍വ്വെ മ്യൂസിയത്തിന്റെയും സെന്‍ട്രല്‍ സര്‍വ്വെ ഓഫീസിന്റെയും നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുകയാണ്. നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍വ്വെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി.

sameeksha-malabarinews

അത്യാധുനിക സര്‍വേ ഉപകരണങ്ങളായ റിയല്‍ ടൈം കൈനറ്റിക് റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍, ടാബ്ലറ്റ് പിസി എന്നിവ ലഭ്യമാക്കി ഈ ഉപകരണങ്ങളെ Continuously Operating Reference Station (CORS) എന്ന ജിപിഎസ് നെറ്റ്വര്‍ക്കിന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിപ്പിച്ച് ഏകീകൃതമായാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്.

സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചത്. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനിഷിയേറ്റീവില്‍ നിന്നും സര്‍വെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്. പരാതികളില്ലാതെ സുതാര്യമായി ഡിജിറ്റല്‍ സേവനങ്ങളിലൂടെ വേഗതയില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ രേഖകള്‍ നല്‍കാന്‍ കഴിയുന്ന തലത്തിലേക്ക് സര്‍വ്വേ വകുപ്പ് ഉയര്‍ന്നു. ഈ നേട്ടത്തിന് കാരണക്കാരായ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ കൗശിഗന്‍, സര്‍വ്വേ – ഭൂരേഖ വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!