Section

malabari-logo-mobile

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രതിഷേധത്തെ തുടര്‍ന്ന് ടെസ്റ്റ് നടന്നില്ല

HIGHLIGHTS : Driving Test Resolution; The test was not held due to protests

തിരുവനന്തപുരം:പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രതിഷേധിച്ചു. ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കാതെയാണ് തൊഴിലാളി സംഘടനകളും ഡ്രൈവിങ് സ്‌കൂളുകളും പ്രതിഷേധവുമായെത്തിയത്. ആലപ്പുഴയില്‍ പ്രതിഷേധം മൂലം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനായില്ല. കോഴിക്കോടും ആലപ്പുഴയിലും മലപ്പുറത്തും തൃശ്ശൂരിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു.

സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നല്‍കിയില്ല. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നാണ് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പറയുന്നത്.

sameeksha-malabarinews

പ്രതിഷേധങ്ങള്‍ക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് നീങ്ങുകയായിരുന്നു. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്‌കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.

റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!