Section

malabari-logo-mobile

ലോകാത്ഭുത നഗരങ്ങുടെ അന്തിമപ്പട്ടികയില്‍ ദോഹയും

HIGHLIGHTS : ദോഹ: ലോകത്തിലെ പുതിയ ഏഴ് അത്ഭുതനഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അന്തിമ പട്ടികയില്‍ ദോഹയും. പതിനാല് നഗരങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയിലാ...

Doha-Qatarദോഹ: ലോകത്തിലെ പുതിയ ഏഴ് അത്ഭുതനഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അന്തിമ പട്ടികയില്‍ ദോഹയും. പതിനാല് നഗരങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയിലാണ് ദോഹയും ഇടംപിടിച്ചത്. ഡിസംബര്‍ ഏഴിനാണ് പുതിയ ഏഴ് അത്ഭുത നഗരങ്ങളെ പ്രഖ്യാപിക്കുന്നത്. ന്യൂ സെവന്‍ വണ്ടേഴ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ ബെര്‍ണാഡ് വെബറാണ് നഗരങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്.
ജി സി സി രാജ്യങ്ങളിലെ നഗരങ്ങളില്‍ ദോഹ മാത്രമാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 220 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 1200 നോമിനേഷനുകളില്‍ നിന്നാണ് വിവിധ തലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ദോഹ ഉള്‍പ്പടെ 14 നഗരങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദോഹയ്ക്ക് പുറമെ ബാര്‍സിലോണ, ബെയ്‌റൂത്ത്, ചിക്കാഗോ, ഡര്‍ബന്‍, ഹവാന, ക്വാലാലംപൂര്‍, ലാ പാസ്, ലണ്ടന്‍, മെക്‌സിക്കോസിറ്റി, പെര്‍ത്ത്, ലെ ക്വിറ്റോ, റെയ്ക്ജാവിക്, വിഗാന്‍ നഗരങ്ങളാണ് അന്തിമ 14ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അവസാന 21 നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇസ്താംബൂള്‍, ബങ്കോക്ക്, മെന്‍ഡോസ, മുംബൈ, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, സോള്‍, ഷെന്‍സെന്‍ എന്നിവ കഴിഞ്ഞ എലിമിനേഷനില്‍ പുറത്തായി. ഒരു എലിമിനേഷന്‍ ഘട്ടം കൂടി കഴിഞ്ഞശേഷം ഡിസംബര്‍ ഏഴിന് വിജയികളെ പ്രഖ്യാപിക്കും. പുതിയ ഏഴ് ലോകാത്ഭുതങ്ങള്‍, പുതിയ ഏഴ് പ്രകൃതിയുടെ അത്ഭുതങ്ങള്‍ എന്നിവയ്ക്കുശേഷം നടക്കുന്ന മൂന്നാമത്തെ കാംപയിനാണ് പുതിയ ഏഴ് അത്ഭുത നഗരങ്ങളെ കണ്ടെത്താനുള്ള മത്സരം. 2001ലാണ് ന്യൂ സെവന്‍ വണ്ടേഴ്‌സ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട മനുഷ്യനിര്‍മിതവും പ്രകൃതിദത്തവും പൈതൃക പ്രാധാന്യമുള്ളതുമായവയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷന്‍ രൂപീകൃതമായത്. പുതിയ ഏഴ് ലോകാത്ഭുത നഗരങ്ങളുടെ പട്ടികയില്‍ ദോഹ ഉള്‍പ്പെടുമോയെന്ന ആകാംക്ഷയിലാണ് പശ്ചിമേഷ്യ. ന്യൂ സെവന്‍ വണ്ടേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അത്ഭുത നഗരങ്ങള്‍ക്കായി വോട്ടു ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!