Section

malabari-logo-mobile

പരപ്പനങ്ങാടി, ചാലക്കുടി, കോട്ടയത്തും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

HIGHLIGHTS : Digital Science Parks in Parappanangady, Chalakudy and Kottayam will be started soon: Minister Dr. R. the point

തിരുവനന്തപുരം:കേരളത്തില്‍ മൂന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടന്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആരംഭിച്ച നൂതന സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം, ഇലക്ട്രോണിക്‌സ് ഗ്യാലറി, ഓട്ടോമൊബൈല്‍ സിമുലേഷന്‍ ഗ്യാലറി, ഭൂഗോളത്തിന്റെ മാതൃക, വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ ശാസ്ത്ര അവബോധം അത്യന്താപേക്ഷിതമാണെന്നും ശാസ്ത്ര ചിന്തയും ആധുനിക കാഴ്ചപ്പാടുകളും ഉയര്‍ത്തിപ്പിടിക്കുകയെന്നതു പ്രധാനമാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അറിവാണ്. ശാസ്ത്രീയ അറിവുകള്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. വിര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ നിലയില്‍ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഏറ്റവും പുതിയ നേട്ടങ്ങളെ പോലും സ്വാംശീകരിക്കാനും തിരിച്ചറിയാനും കുട്ടികള്‍ക്ക് അവസരം ഒരുക്കുക എന്നതാണ് അവരുടെ ഭാവിക്കും സമൂഹത്തിന്റെ ഭാവിക്കും പ്രധാനമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ സജ്ജീകരണങ്ങള്‍ കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്തും. പ്രകൃതിയെയും സമൂഹത്തെയും തിരിച്ചറിഞ്ഞ് പുത്തന്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ മനസിലാക്കി അവയെ സ്വാംശീകരിച്ച് സമൂഹത്തിന് നല്‍കാന്‍ കെല്‍പ്പുള്ള കുട്ടികളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക എന്നതാണ് നവ വൈജ്ഞാനിക സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ റീന കെ.എസ്, സി-ഡിറ്റ് ഡയറക്ടര്‍ ജയരാജ് ജി, ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സോജു എസ്.എസ. എന്നിവര്‍ പങ്കെടുത്തു.കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിയേറ്റീവ് സമ്മര്‍ ക്‌ളാസ് സയന്‍സ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ ബാച്ച് ക്ലാസ് പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!