Section

malabari-logo-mobile

ബട്ടര്‍ഫ്ളൈസ് ‘ കുട്ടികള്‍ അറിവിന്റെ ലോകത്ത് ചിത്രശലഭങ്ങളായി മാറും ; സപീക്കര്‍

HIGHLIGHTS : പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന 'ബട്ടര്‍ഫ്ളൈസ് ' പദ്ധതിയോടനുബന്ധിച്ച് ടീച്ചേഴ്സ് ...

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ‘ബട്ടര്‍ഫ്ളൈസ് ‘ പദ്ധതിയോടനുബന്ധിച്ച് ടീച്ചേഴ്സ് മീറ്റ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. വിദ്യഭ്യാസ ബോധന രീതി സര്‍ഗ്ഗാത്മമാകുമ്പോഴാണ് അറിവിന്റെ ലോകത്ത് ചിത്രശലഭത്തെ പോലെ കുട്ടികള്‍ മാറുകയെന്നും അറിവിന്റെ ഒരു രീതിയായി പഠനം മാറി കുട്ടികളുടെ സര്‍ഗ്ഗാത്മകത പുറത്തു കൊണ്ടുവരണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.
ലോകത്തിന്റെ സാങ്കേതിക മേഖലയില്‍ വിദ്യഭ്യാസം പരമ്പരാഗത ബോധന രീതിയില്‍ നിന്നാല്‍ പോരാ എന്നു മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പൊതുവിദ്യഭ്യാസ രംഗത്ത് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് പശ്ചാത്തല വികസനം, ഹൈടെക് ക്ലാസ്സ് മുറികള്‍ തുടങ്ങിയവ. ഡിജിറ്റല്‍ ലോകത്തോട് മാറി നില്‍ക്കാതെ കുട്ടികളെ അറിവ് പകര്‍ന്നു കൊടുക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അവസരങ്ങളുടെ ലോകത്തേക്ക് ലോകം പോകുമ്പോള്‍ നമ്മുടെ വിദ്യഭ്യാസത്തിലും മാറ്റം വരണം. അധ്യാപക സമൂഹത്തിന് മാറ്റം വന്നാല്‍ മാത്രമെ കുട്ടികളിലും മാറ്റം കൊണ്ടുവരാന്‍ കഴിയു. വിദ്യഭ്യാസ ബോധന രീതിക്ക് മാറ്റം വരണം. ലോകം ആവശ്യപ്പെടുന്ന സാങ്കേതിക തൊഴില്‍ സംവിധാനത്തിലേക്ക് പോലും വിദ്യഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികളെ എത്തിക്കുകയാണ് ബട്ടര്‍ഫ്ളൈസെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

അധ്യാപകരുടെ കടമ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പൊതുവിദ്യഭ്യാസത്തെ ഉയര്‍ത്തണമെന്നാണെന്നും ഓരോ വിദ്യാലയങ്ങളും ജനങ്ങളുടെ പ്രതീക്ഷയുടെ വളര്‍ച്ചക്ക് ഒത്ത് ഉയരണമെന്നും മുഖ്യ പ്രഭാഷണത്തില്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ലോകം എല്ലാ മേഖലകളിലും സ്വകാര്യവല്‍ക്കരണത്തേക്ക് നീങ്ങുമ്പോള്‍ ആ ഒഴുക്കിനെതിരെ നീങ്ങുകയാണ് കേരളം. അതിനാലാണ് പൊതുവിദ്യഭ്യാസ രംഗത്തേക്ക് അഞ്ച് ലക്ഷം കുട്ടികള്‍ പുതുതായി കടന്നു വന്നതെന്നും മന്ത്രി പറഞ്ഞു. ഇല്ലാതായി പോകുന്ന മാനവികതയെയും മനുഷ്യത്വത്തെയും തിരിച്ചെടുക്കുകയാണ് പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ. പുതിയ തലമുറയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയും വൈദഗ്ധ്യത്തോടൊപ്പം മൂല്യങ്ങളെയും വളര്‍ത്തുകയാണ് വിദ്യഭ്യാസത്തിലൂടെയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യഭ്യാസത്തിലൂടെ ഭൗതിക മേഖലയില്‍ മാത്രമല്ല സാംസ്‌കാരികവും കലാകായിക ശാസ്ത്ര രംഗത്തേക്കും വിദ്യാര്‍ത്ഥികള്‍ ഉയരണം. അധ്യാപകര്‍ വിദ്യഭ്യാസത്തിന്റെ ജനകീയത വര്‍ധിപ്പിക്കണം. അധ്യാപകര്‍ കുട്ടികളില്‍ അന്വേഷണ ഭാവമാണ് ഉണ്ടാക്കേണ്ടതെന്നും അന്വേഷണ ഭാവമാണ് കുട്ടികളെ പുതിയ ലോകത്തേക്ക് എത്തിക്കുന്നതെന്നും പൊതു വിദ്യഭ്യാസത്തിലൂടെ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സ്പീക്കര്‍ തന്റെ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ‘ ബട്ടര്‍ഫ്ളൈസ്’. നിലവിലെ പഠന സമയത്തെ ബാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ സിലബസിന് അകത്തു നിന്നു കൊണ്ടു തന്നെ വിജ്ഞാനത്തിന്റെയും അഭിരുചികളുടെയും പരമാവധി സാധ്യതകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനവും രണ്ടാം ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനുമാണ് നടപ്പാക്കുന്നത്. ഇതിനായി ഡിജിറ്റല്‍ ഹൈടെക്ക്ക്ലാസ്സ് റൂമുകള്‍, ഡിജിറ്റല്‍ ലാബ് തുടങ്ങിയാണ് ഒരുക്കുന്നത്. 22 ഘടകപദ്ധതികളുമായി പൊന്നാനി മണ്ഡലത്തില്‍ നടപ്പാക്കുന്ന ബട്ടര്‍ഫ്ളൈസ് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അറിവുകളുടെയും കഴിവുകളുടെയും പുത്തന്‍ വാതായനങ്ങളാണ് തുറന്നുകൊടുക്കുന്നത്.
വിദ്യാഭ്യാസ രംഗത്തെ ദിശാ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.അച്യുത് ശങ്കര്‍.എസ്.നായര്‍ സംസാരിച്ചു. പൊന്നാനി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, ടി.എസ് അരവിന്ദാക്ഷന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!