Section

malabari-logo-mobile

ചെലവൂർ കെ.സി: പാട്ടുകൊണ്ട് ചൂട്ടുകെട്ടി പാടിയ കാരണവർ

HIGHLIGHTS : Chelavur KC: Those who sang hotly with the song

അനുസ്മരണം: റഫീഖുർ റഹ്മാൻ മലോൽ, മൂഴിക്കൽ

തലയിൽ രോമത്തൊപ്പിയും വെള്ളഷർട്ടും പാൻ്റ്സും ധരിച്ച് കൊച്ചു ടൂവിലറിൽ നമ്മുടെ കൺമുമ്പാകെ അടുത്ത കാലംവരെ സഞ്ചരിച്ചിരുന്ന ഒരു കുറിയമനുഷ്യനുണ്ട്. കെ സി ചെലവൂർ എന്നറിയപ്പെടുന്ന കൊടക്കാട്ട് ചോലമണ്ണിൽ അബൂബക്കർക്ക. ശരീരപ്രകൃതം കൊണ്ട് ചെറുതെങ്കിലും വലിയ കഴിവുകളാൽ അനുഗൃഹീതൻ. മാപ്പിളപ്പാട്ട്, കളരിയഭ്യാസം, ആധാരമെഴുത്ത് തുടങ്ങിയ മേഖലകളിൽ മുദ്രചാർത്തിയ ജീവിതത്തിന്നുടമ.

sameeksha-malabarinews

മാപ്പിളപ്പാട്ട് രചിച്ചും ആലപിച്ചും സ്റ്റേജുകളിലും വയലുകളിലും കല്യാണവീടുകളിലും പ്രിയങ്കരനായി മാറി. ഒരു മാപ്പിളപ്പാട്ട് ഓർക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്തും ആകാശവാണിയിൽ നീണ്ട വർഷങ്ങൾ മാപ്പിളപ്പാട്ടിൻ്റെ പ്രധാന ഗായകനായും കെ സി പ്രവർത്തിച്ചു. എരഞ്ഞോളി മൂസ, വി.എം. കുട്ടി, വിളയിൽ ഫസീല, സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ്, കണ്ണൂർ ശരീഫ് , ഐ പി സിദ്ദീഖ്, രഹ്‌ന മൈമൂന തുടങ്ങി നിരവധി പേർ കെ.സിയുടെ ഗാനങ്ങൾ ആലപിച്ചവരാണ്. ആയിരത്തിനടുത്ത് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ശേഖരത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടുപോയി എന്നതാണ് സങ്കടകരം. കെ.സിയുടെ ഒരോ പാട്ടും ഒന്നിനൊന്ന് മികച്ചതും അക്കാലത്തെ രാഷ്ടീയ, സാമൂഹ്യരംഗത്തിൻ്റെ നേർസാക്ഷ്യവുമാണ്. മാപ്പിളപ്പാട്ട് രംഗത്ത് ക്ലാസിക്കൽ യുഗത്തിനും (മോയിൻകുട്ടി വൈദ്യർ കാലം) കാമ്പ് നഷ്ടപ്പെട്ട തട്ടുപൊളിപ്പൻ ആധുനിക പാട്ടുകൾക്കും ഇടയിൽ ഒരു പരിവർത്തനഘട്ടത്തിന് നേതൃത്വം നൽകിയ കുലപതിയാണ് കെ.സി.

എന്നും മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങളിൽ ചിലത് :

1.അഹദായ തമ്പുരാൻ ആദ്യം പടച്ചുള്ള അമ്പിയ രാജാ മുഹമ്മദേ… 2. കാത്തിട് റഹ്മാനെ.. മാപ്പരുളുന്നോനെ..
ആലം പതിനൊന്നായിരം പോറ്റിവളർത്തും റഹ്മാനെ… 3) ആസിയബി മർയം ചൂടി…. 4) അമ്പിയാക്കളിൽ താജൊളിവായ,5) ആലിമൂപ്പൻ്റെവറാൻ കെട്ടി ചതിച്ചത് കേൾക്കിൻ 6) അയലത്തെ നാട്ടിലെ പ്രധാനമന്ത്രിയായ് ബേനസീറൊരു മാപ്പിള പെണ്ണ്”….. 7 ) മുത്തായ ഫാതിമ്മാൻ്റെ നിക്കാഹിൻ്റന്ന് 8 )അവളല്ല ഫാത്വിമ, ഇവളാണ് ഫാത്വിമ
ആറ്റൽ നബിയുടെ മോളാണ് ഫാത്വിമ.
(നെഞ്ചിനുള്ളിൽ നീയാണ് ഫാതിമ ….. എന്ന ഗാനത്തിനുള്ള മറുപടിഗാനം).

മലയാള ചാനലുകളിൽ മാപ്പിളപ്പാട്ട് ഷോകളും എഫ്‌. എം. റേഡിയോകളും രംഗത്തില്ലാത്ത കാലത്ത്, ആകാശവാണിയിൽ നിന്ന് ആഴ്ചകൾതോറും കെ.സി.യുടെ ഗാനങ്ങൾ ഒഴുകിയെത്തിക്കൊണ്ടേയിരുന്നു. ‘ആകാശവാണി കോഴിക്കോട്…. ചെലവൂർ കെ.സി. അബൂബക്കറും സംഘവും പാടുന്ന മാപ്പിളപ്പാട്ടുകൾ ഇനി കേൾക്കാം” എന്നായിരുന്നു ഒരു കാലത്ത് ആകാശവാണിയിൽ നിന്ന് കേട്ടു പതിഞ്ഞ അനൗൺസ്മെൻ്റ്. ആകാശവാണിയുടെ സിനിയർ ആർടിസ്റ്റാണ് കെ.സി. സ്വന്തം രചിച്ചതല്ലാത്ത ഒരു പാട്ടും അദ്ദേഹം ആകാശവാണിയിലോ പുറം പ്രോഗ്രാമുകളിലൊ പാടിയിട്ടില്ല.
പ്രഗത്ഭരായ ഗായിക – ഗായകന്മാരേയും ഓർക്കസ്ട്ര ടീമിനേയും അണിനിരത്തി കേരളത്തിൽ എല്ലായിടത്തും, തമിഴ്നാട്, ബോംബെ, ബാംഗ്ലൂർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും പാട്ടുകച്ചേരികൾ സംഘടിപ്പിച്ചു. ആ സംഘത്തിലെ പലരും സിനിമാഗായകരും പ്രശസ്ത വാദ്യോപകരണ വായനക്കാരുമായി ഉയർന്നപ്പോൾ അവരെ വളർത്തിക്കൊണ്ടുവന്നതിൻ്റെ ക്രെഡിറ്റ് കെ.സിക്കു കൂടി അവകാശപ്പെട്ടതാണ്.
മലയാളത്തിന് പുറമെ ഉർദു, ഹിന്ദി, ഭാഷകളിലും പാട്ടെഴുതിയിട്ടുണ്ട്.
സാരെ അമ്പിയാ സെ നൂർ
പ്യാരെ പൈഗമ്പർ മഹ്മൂദ് – പ്രമുഖ ഉർദു രചനയാണ്. ലക്ഷദ്വീപിലും മാലിയിലും അവിടത്തുകാരുടെ പ്രാദേശികഭാഷയിലെഴുതപ്പെട്ട ഗാനം ട്യൂൺ ചെയ്ത് കെ.സി. പാടിയിട്ടുണ്ട്. മാലി എയർപോർട്ടിൽ ഇറങ്ങുമ്പോൾ ആ ഗാനത്തിൻ്റെ അകമ്പടി അടുത്ത കാലം വരെ കേട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് അവരെ സ്റ്റേജിലിരുത്തി ആലപിച്ച അനുമോദനഗാനം, ഇന്ദിര ആവശ്യപ്പെട്ടപ്പോൾ അയച്ചുകൊടുത്തതിന് മറുപടിയായി നീല ഇൻലൻ്റ് ലറ്ററിൽ ഇന്ദിരയുടെ കൈപ്പടയിൽ തന്നെ ആശംസാമറുപടി ലഭിച്ചിട്ടുമുണ്ട്.

വിരുപ്പിൽ അമ്പലത്തിന് കുളം നിർമിക്കാനുള്ള ധനസമാഹരണാർഥം കെ.സിയെ പ്രോഗ്രാം അവതരിപ്പിക്കാൻ അമ്പല കമ്മറ്റി ക്ഷണിച്ചിരുന്നു. ഹൈന്ദവധർമങ്ങൾ കൂടി ചേർത്തുകൊണ്ട് മനുഷ്യരൊന്ന് എന്ന സന്ദേശമുൾക്കൊള്ളുന്ന ഗാനം ആലപിച്ചത് പ്രദേശത്തെ മതസൗഹാർദത്തിനു മാറ്റ് പകർന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരേയും കെ.സി പാടിക്കൊണ്ടിരുന്നു.
ആ ഇനത്തിലെ ഒരു ഗാനം തുടങ്ങുന്നതിങ്ങനെ:

കനകം വിളയുന്ന വയനാടെ
കാടുകൾ തിങ്ങിയ മലനാടെ
കാട്ടാന, കാട്ടികളും ഇന്നാട്ടിലെ
കാട്ടു മനുഷ്യരുമിന്നെവിടെ?
ആദ്യമിലെത്തുന്നതടിവാരം
അവിടുന്ന് കുത്തനെ മലവാരം
അടിമുടി പേടി വിടാത്ത ചുരത്തിലെ
അന്നത്തെ കാടുകൾ ഇന്നെവിടെ?

ഒറ്റയ്ക്കോ കൂട്ടായോ നാഷനൽ പെർമിറ്റ് ലോറികൾ സംഘടിപ്പിച്ച് ഉപജീവനം കണ്ടെത്തുന്ന നല്ലൊരു വിഭാഗം ജനങ്ങൾ ഉള്ളതായിരുന്നു ചെലവൂർ മൂഴിക്കൽ മേഖല . അവരുടെ കുടുംബസംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട കെ.സി, ലോറി ജീവനക്കാരുടെ കഷ്ടപ്പാടുകളായിരുന്നു അന്ന വതരിപ്പിച്ച പാട്ടിലെ പ്രമേയം.

ചെറുപ്പം തൊട്ടെ പാട്ടിനോടുള്ള ഇഷ്ക് മൂത്ത് ബോംബെയിലേക്ക് നാടുവിട്ടയാളാണ്. അവിടെ കിഷോർ കുമാർ, മുഹമ്മദ് റഫി, തലത്ത് മഹ്മൂദ്, തലത്ത് അസീസ് എന്നിവരുടെ ഗാനങ്ങളിൽ അലിഞ്ഞ് ചേർന്ന് ജീവിച്ചു. നാട്ടിലെത്തിയപ്പോൾ ബാറ്ററികൊണ്ട് പ്രവർത്തിപ്പിക്കുന്ന, ഇടക്ക് സിഗ്നൽ പ്രശ്നം മൂലം വേവ് (തരംഗ താളം ) മുറിഞ്ഞുപോകുന്ന റേഡിയോയിലും ആ പാട്ടുകൾ ആസ്വദിച്ചു. കോൽക്കളിയിൽ പങ്കെടുത്തും അതിൽ പാട്ടു പാടിയുമാണ് രംഗപ്രവേശം. മുഹമ്മദ് നബിയോടും കുടുംബത്തോടും സ്നേഹാനുരാഗം വഴിഞ്ഞൊഴുകുന്നതാണ് കെ.സി പാട്ടുകളിലെ നല്ലൊരു ഭാഗം. നിരവധി മാപ്പിളപ്പാട്ട് ഓഡിയോ കാസറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. 1960 മുതൽ 2000 വരെയാണ് ഗാനരംഗത്തെ സുവർണകാലം. കവി ഉബൈദ് ട്രോഫി (1978), 2013 ൽ മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള മാപ്പിള കലാ അക്കാദമി അവാർഡ് , 2014ൽ അമാനുല്ലാ ഖാൻ കാനഡയുടെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഐ.പി.എച്ച്.എൻ സൈക്ലോപീഡിയ കെ സി യെ കുറിച്ച് ജീവിതരേഖയും പ്രസിദ്ധീകരിച്ചു.

നല്ലൊരു കളരിയഭ്യാസിയായ കെ സി. പൊക്കളത്തെ തറവാടുവീടിൻ്റെ മുറ്റത്ത് വെച്ചാണ് അതിൻ്റെ ബാലപാഠം ആരംഭിച്ചത്. ചെലവൂർ ഉസ്താദ് സി.എം.എം. ഗുരുക്കളാൽ സ്ഥാപിതമായ ചൂരക്കൊടി കളരിസംഘത്തിൻ്റെ ആദ്യകാല സെക്രട്ടറിയും സ്ഥാപകരിൽ ഒരാളുമാണ്. 1982- 83 ൽ കളരിസംഘത്തിൻ്റെ സംസ്ഥാന ഭരണസമിതിയിൽ അംഗമായി. സൈക്ക്ൾ ഡാൻസിൽ അപാര കഴിവിന്നുടമ കൂടിയായിരുന്നു.

ആധാരമെഴുത്തായിരുന്നു ജീവിതമാർഗം. ആധാരഭാഷ പോലെ സങ്കീർണമായ സ്ഥലങ്ങളുടെ വീതംവെപ്പ് പ്രശ്നം കെ സി യെ ഏൽപ്പിച്ചാൽ തീർത്തു തരുമെന്ന് ആളുകൾ പറയും വിധം വൈദഗ്ധ്യം തെളിയിച്ച രംഗം. അളവിന് കെ.സി. കയറിയിറങ്ങാത്ത പറമ്പോ, കെ സി യുടെ മീറ്റർടാപ്പിൻ്റെ തലോടൽ ലഭ്യമാകാത്ത സ്ഥലമോ നാട്ടിലുണ്ടാകാനിടയില്ല. 50 വർഷം ഈ മേഖലയിൽ പ്രവർത്തിച്ചതിനുള്ള ആദരം ഏറ്റുവാങ്ങിയ കെ.സി. അതിൻ്റെ ജില്ലാ പ്രസിഡൻ്റുമായിട്ടുണ്ട്.

1926 ൽ പൊക്കളത്ത് ഹസ്സൻകുട്ടി-കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായി ജനിച്ചു. ഫാതിമാബി, സുഹറാബി എന്നിവരാണ് പത്നിമാർ. വിദ്യാഭ്യാസ-സാംസ്കാരികപ്രവർത്തകനും എറണാകുളം ചേരാനല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ കെ.സി. ഫസലുൽ ഹഖ്, മർകസ് നോളജ് സിറ്റി എക്സി. ഡയരക്ടറും വിദ്യാഭ്യാസപ്രവർത്തകനുമായ അമീർ ഹസൻ (ഓസ്ട്രേലിയ), ബൽകീസ് എന്നിവരാണ് മക്കൾ. തൻ്റെ പേരിൽ അറിയപ്പെടുന്ന പള്ളിത്താഴത്തെ കെസി റോഡിലെ വീട്ടിലായിരുന്നു വിശ്രമജീവിതം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!