Section

malabari-logo-mobile

ചന്ദ്രന്റെ ചിത്രം പകര്‍ത്തി ചാന്ദ്രയാന്‍ 3

HIGHLIGHTS : Chandrayaan 3 captures the image of the moon

തിരുവനന്തപുരം: ചാന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. പേടകത്തിലെ കാമറകള്‍ എടുത്ത വീഡിയോ ദൃശ്യങ്ങളാണിവ. ചന്ദ്രന്റെ മധ്യമേഖലയിലും ദക്ഷിണധ്രുവത്തിലുമുള്ള ഗര്‍ത്തങ്ങളും നിഴല്‍ പ്രദേശങ്ങളും പര്‍വതങ്ങളും വ്യക്തമായി കാണാനാകും. പേടകത്തിന്റെ സൗരോര്‍ജ പാനലുകള്‍ 45 സെക്കന്റ് നീളുന്ന വീഡിയോയിലുണ്ട്.

അതിനിടെ, ചന്ദ്രനെ ചുറ്റുന്ന ചാന്ദ്രയാന്‍ 3ന്റെ ആദ്യ പഥം താഴ്ത്തല്‍ പ്രക്രിയയും പൂര്‍ണ വിജയം. ഇതോടെ കുറഞ്ഞ ദൂരം 170 കിലോമീറ്ററും കൂടിയ ദൂരം 4313 കിലോമീറ്ററുമായ ദീര്‍ഘവൃത്ത ഭ്രമണപഥത്തിലേക്ക് പേടകം എത്തി. 18,074 കിലോമീറ്ററില്‍ നിന്നാണ് ഈ ദൂരത്തിലേക്ക് താഴ്ത്തിയത്. ഞായര്‍ രാത്രി പതിനൊന്നോടെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രമായ ഇസ്ട്രാക്ക് നല്‍കിയ കമാന്‍ഡിനെ തുടര്‍ന്നാണ് പഥം താഴ്ത്തല്‍ ആരംഭിച്ചത്. കമാന്‍ഡ് സ്വീകരിച്ച പേടകം ത്രസ്റ്റര്‍ 19.62 മിനിറ്റ് ജ്വലിപ്പിച്ച് പഥം മാറ്റുകയായിരുന്നു. 173 കിലോഗ്രാം ഇന്ധനം ഇതിനായി ഉപയോഗിച്ചു. അടുത്ത പഥം തിരുത്തല്‍ ബുധനാഴ്ച നടക്കും.

sameeksha-malabarinews

പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയടങ്ങുന്ന ചാന്ദ്രയാന്‍ പേടകത്തിന്റെ ‘ആരോഗ്യനില’ തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പരീക്ഷണ ഉപകരണങ്ങളും സുരക്ഷിതമാണ്. ബംഗളൂരുവിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സ്, ബൈലാലുവിലെ ഇന്ത്യന്‍ ഡീപ്പ് സ്പേസ് നെറ്റ്വര്‍ക്ക് എന്നിവ തുടര്‍ച്ചയായി പേടകത്തെ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹായവും ലഭിക്കുന്നു. ജൂലൈ 14ന് വിക്ഷേപിച്ച ചാന്ദ്രയാന്‍ 3 പേടകം ശനി വൈകിട്ടാണ് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 23 നാണ് സോഫ്റ്റ് ലാന്‍ഡിങ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!