Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ

HIGHLIGHTS : Arrangements for counting of votes completed in Malappuram district; Counting of votes tomorrow

nമലപ്പുറം: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. നാളെ രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വോട്ടെണ്ണല്‍ നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.

14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇ.വി.എം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടേബിളുകള്‍ ഒരുക്കിയിട്ടുള്ളത് മങ്കട, മലപ്പുറം മണ്ഡലത്തിലും ഏറ്റവും കുറവ് തിരൂരങ്ങാടി, താനൂര്‍ മണ്ഡലത്തിലുമാണ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് എണ്ണുന്നത്. നാല് ഹാളുകളിലായി 54 ടേബിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസിലും ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് ചുങ്കത്തറ മാര്‍ത്തോമ കോളജിലും പെരിന്തല്‍മണ്ണ മണ്ഡലത്തിലേത് ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ് പെരിന്തല്‍മണ്ണയിലും മങ്കട മണ്ഡലം പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസിലും മലപ്പുറം മണ്ഡലം മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലും വേങ്ങര മണ്ഡലം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലും തിരൂരങ്ങാടി മണ്ഡലം കെ.എം.എം.ഒ അറബിക് കോളജ് തിരൂരങ്ങാടിയിലും താനൂര്‍, തിരൂര്‍ മണ്ഡലം തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കിലും കോട്ടക്കല്‍ മണ്ഡലം തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, തവനൂര്‍ മണ്ഡലം കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും പൊന്നാനി മണ്ഡലം എ.വി.എച്ച്.എസ്.എസ് പൊന്നാനിയിലും നടക്കും.

sameeksha-malabarinews

16 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 3783 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. 307 അഡീഷനല്‍ എ.ആര്‍.ഒമാര്‍, 1104 മൈക്രോ ഒബ്സര്‍വര്‍മാര്‍, 1539 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 833 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ഇ.ആര്‍.ഒ/എ.ആര്‍.ഒ/ആര്‍.ഒമാരായി 1948 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ചുമതലയിലുണ്ട്. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1,211 പൊലീസ് ഉദ്യോഗസ്ഥരും സേവനത്തിനുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൗണ്ടിങിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടാകുക. സൈനികരുടെ തപാല്‍ വോട്ടെണ്ണുന്നതിന് മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ എണ്ണും.

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ വോട്ടണെ ല്‍. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ജീവനക്കാരും കൗണ്ടിങ് ഏജന്റുമാരും മാധ്യമപ്രവര്‍ത്തകരും മാത്രമേ കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഉണ്ടാകൂ. തെര്‍മല്‍ സ്‌കാനിങിന് ശേഷം മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ളവരെ ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത് 10 ശതമാനം കൂടുതല്‍ കൗണ്ടിങ് ഏജന്റുമാരെ അനുവദിച്ചിട്ടുണ്ട്. കൗണ്ടിങ് ഹാളുകള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. കൗണ്ടിങ് കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ച് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. കൗണ്ടിങിനെത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. കൗണ്ടിങ് ഹാളിന് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ല. ഹാളിനുള്ളില്‍ സി.സി.ടി.വി, ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!