Section

malabari-logo-mobile

ചമ്രവട്ടം പുഴയോര ടൂറിസം: 44.7 കോടിയുടെ പദ്ധതിക്ക് രൂപരേഖ

HIGHLIGHTS : തിരൂര്‍ : ചമ്രവട്ടം റഗുലേറ്റര്‍

തിരൂര്‍ : ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മുതല്‍ പൊന്നാനി അഴിമുഖം വരെ നിളാനദി തീരം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ചമ്രവട്ടം – പൊന്നാനി പുഴയോര വികസനത്തിന് രൂപരേഖയായി.

5.75 കി. മീറ്ററുള്ള കര്‍മാ റോഡിന്റെ പാര്‍ശ്വഭാഗത്തായി ക്രാഫ്റ്റ് വില്ലേജ്, മറൈന്‍ മ്യൂടസിയം, ആംഫി- പെര്‍ഫോമന്‍സ് തിയെറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന 44.7 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. വിനോദസഞ്ചാരികള്‍ക്ക് പൊന്നാനിയുടെ തനതു രുചികള്‍ പരിചയപ്പെടാന്‍ ചായമക്കാനികള്‍, കടല്‍ വിഭവങ്ങള്‍ ആസ്വദിക്കാന്‍ സീ ഫുഡ് കോര്‍ട്ടുകള്‍, വിശ്രമകേന്ദ്രങ്ങള്‍, മിന്‍ പിടിക്കാനുള്ള ഫിഷിങ് ഡക്കുകള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പെര്‍ഫോമന്‍സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയും വ്യായാമം ചെയ്യാനായി നടപ്പാത, കുട്ടികള്‍ക്കായി സ്‌കേറ്റിങ് റിബ്ബുകള്‍, ബൈസിക്കിള്‍ പാത്തുകള്‍ എന്നിവയും നിര്‍മിക്കും

sameeksha-malabarinews

പുഴയോരത്തുനിന്ന് സമീപത്തുള്ള തുരുത്തിലേക്ക് ഹാങ്ങിങ് ബ്രിഡ്ജും തുരുത്തില്‍ സബ് മറൈന്‍ വെസലിന്റെ മാതൃകയുമുണ്ടാകും. സാഹസിക ടൂറിസത്തിന്റെ ഭാഗമായി സ്പീഡ് ബോട്ടുകള്‍, വാട്ടര്‍ ബൈക്കുകള്‍, കനോയിങ്, നൗകകള്‍ എന്നിവയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ബോട്ട് ജെട്ടികളും പദ്ധതിയുടെ ഭാഗമാണ്.

ഡി.റ്റി.പി.സി യുടെ മേല്‍നോട്ടത്തില്‍ എംപാനല്‍ഡ് ആര്‍കിറ്റെക്റ്റായ ടെക്‌നോ ആര്‍ക്കിറ്റെക്ച്വര്‍ ഡിസൈന്‍ പ്ലസാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

നീരാളിയുടെ രൂപത്തില്‍ ഒരുക്കുന്ന മറൈന്‍ മ്യൂസിയത്തില്‍ അലങ്കാര മത്സ്യങ്ങള്‍ നേരിട്ട് കാണാനുള്ള അവസരമുണ്ടാവും. മ്യൂസിയത്തിനോടനുബന്ധിച്ച് കപ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച ഡിജിറ്റില്‍ ലൈബ്രറിയും സമ്മേളന ഹാളുമുണ്ടാവും. ഫോസിലുകളുടെയും പവിഴപ്പുറ്റുകളുടെയും കടല്‍സസ്യങ്ങളുടെയും പ്രത്യേക പ്രദര്‍ശന സ്ഥലവും ഒരുക്കും. സബ്മറൈന്‍ വെസലില്‍ നാവികര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഒഷ്യനോഗ്രഫിയുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും പ്രദര്‍ശിപ്പിക്കും.

പൊന്നാനിയുടെ കരകൗശല വസ്തു നിര്‍മാണത്തിന്റെ പൈതൃകം വിളിച്ചോതുന്നതായിരിക്കും ക്രാഫ്റ്റ് വില്ലേജ്. പരിസ്ഥിതി സൗഹൃദ രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!