Section

malabari-logo-mobile

വൈറല്‍ ഹെപ്പറ്റൈറ്റിസ്: രണ്ട് മാസത്തിനിടെ 152 പേര്‍ക്ക് രോഗബാധ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കി മലപ്പുറം ജില്ല ആരോഗ്യ വകുപ്പ്

HIGHLIGHTS : Viral hepatitis: 152 infected in two months

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ ഉണ്ടായ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഈ പ്രദേശങ്ങളില്‍ രണ്ടു മാസത്തിനിടെ 152 പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് അടുത്തിടെ രണ്ടുപേര്‍ മരണപ്പെടുകയുമുണ്ടായി. 47 വയസ്സുള്ള പുരുഷനും 60 വയസ്സുള്ള സ്ത്രീയുമാണ് മരണപ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

പ്രദേശത്ത് വ്യാപകമായ രീതിയില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ആറ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതില്‍ മുന്നെണ്ണത്തിലെ വെള്ളം ഉപയോഗ യോഗ്യമല്ല എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കിണറുകള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്തു വെള്ളം ശുചിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകരും, ആശാവര്‍ക്കര്‍മാരും വീടുകള്‍ കയറി ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നു. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചരണവും നടത്തുന്നുണ്ട്.

sameeksha-malabarinews

എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്:

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് . പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുക :

ചൂട് കൂടിയതിനാല്‍ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് സാധ്യത കൂടുതലാണ്. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങള്‍ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റ് വെള്ളം തിളപ്പിക്കണം
തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്.
മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക. കുട്ടികളുടെ വിസര്‍ജ്യങ്ങള്‍ കക്കൂസുകളില്‍ മാത്രം നിക്ഷേപിക്കുക

ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുക.

പോത്തുകല്ല് പഞ്ചായത്ത് പ്രസിഡണ്ട് വിദ്യ രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക എന്നിവരുടെ നേതൃത്വത്തില്‍ പോത്തുകല്ലില്‍ പഞ്ചായത്ത് ഭരണസമിതിയുടെയും ഇതര വകുപ്പുകളുടെയും പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, ആരോഗ്യ കമ്മിറ്റി ചെയര്‍മാന്‍ റുബീന, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. ഷു ബിന്‍ സി , ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി എന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ സി കെ എന്നിവര്‍ പങ്കെടുത്തു.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ സെല്‍ തുറന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്ത് തുടങ്ങി. രോഗ ബാധ നിയന്ത്രണ വിധേയമാകുന്നത് വരെ പ്രദേശത്തെ ഹോട്ടലുകളും കൂള്‍ ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യം വരുന്ന പക്ഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

ജില്ലയുടെ മറ്റു ഭാഗങ്ങളിലും ജലജന്യ രോഗങ്ങള്‍ കൂടി വരുന്നുണ്ട്. വ്രതാനുഷ്ഠാന മാസങ്ങളിലും, ഉത്സവങ്ങളിലും ആഘോഷ വേളകളിലും തീര്‍ത്ഥാടന സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ജില്ലയില്‍ ജലദൗര്‍ലഭ്യം കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം ജലജന്യ രോഗങ്ങള്‍ക്കെതിരെയും ഭക്ഷ്യ വിഷബാധകള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അഭ്യര്‍ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!