Section

malabari-logo-mobile

തീരദേശത്തിന്റെ കായികസ്വപ്നങ്ങള്‍ക്ക് ഉണര്‍വായി ഉണ്യാല്‍ സ്റ്റേഡിയം അന്തിമഘട്ടത്തിലേക്ക്

HIGHLIGHTS : The stadium is in the final stages of awakening to the sporting dreams of the coast

താനൂര്‍: തീരദേശമേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും. നിലവില്‍ ഗാലറിയുടെ പ്രവൃത്തി പൂര്‍ത്തിയായി. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ അവസാനഘട്ട മിനുക്കുപ്രവൃത്തികളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ സംരക്ഷണാര്‍ഥം നിര്‍മിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 4.95 കോടി വകയിരുത്തിയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 2000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഗാലറിയും ആധുനിക നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടുമാണ് നിര്‍മിച്ചിട്ടുള്ളത്. ബാഡ്മിന്റണ്‍ കോര്‍ട്ട്, ജൂഡോ ഹാള്‍, ജിംനേഷ്യം എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും കായികപ്രേമികളെ കാത്തിരിക്കുകയാണ്. കളരി, ഗുസ്തി, ജൂഡോ എന്നീ കായിക ഇനങ്ങള്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കാനുള്ള പദ്ധതിയും സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണത്തോടെ ആരംഭിക്കും. 26 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്സ്, വിശ്രമകേന്ദ്രം, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്. കടമുറികള്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം പ്രവൃത്തി നിര്‍വഹണമെറ്റെടുത്ത സ്റ്റേഡിയം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സഫലമാവുന്നത് തീരദേശ വാസികളുടെ കായികസ്വപ്നങ്ങളാണ്. തീരദേശ മേഖലയിലെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും അതിലേക്കുള്ള നാഴികക്കല്ലാണ് ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലൂടെ പൂര്‍ത്തിയാവുന്നത്. ഈ പദ്ധതിയിലൂടെ കായികകേരളത്തിന് പുതിയ താരങ്ങളെ സംഭാവന ചെയ്യാന്‍ താനൂരിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!