Section

malabari-logo-mobile

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ അഭിഭാഷകന് കൈമാറിയത് ശരിയായില്ല; സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളും; ദിലീപിനെ വിമര്‍ശിച്ച് കോടതി

HIGHLIGHTS : The phone requested by the investigation team was not handed over to the lawyer; , Bail will be rejected if he does not co-operate; Court criticize...

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ നിര്‍ണായക തെളിവ് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നു. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചെന്ന സൂചനകളാണ് പുറത്തുവന്നത്. ദിലീപിനെതിരെയുള്ള നിര്‍ണായകമായ ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇതിന് പിന്നാലെയായിരുന്നു ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പ്രോസക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ദിലീപ് അടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

sameeksha-malabarinews

വലിയ വിമര്‍ശനമാണ് ദിലീപിനെതിരെ കോടതി ഹരജി പരിഗണനയ്ക്ക് എടുത്ത ഉടനെ തന്നെ നടത്തിയത്. അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ അഭിഭാഷകന് കൈമാറിയത് ശരിയായില്ലെന്ന് കോടതി വിമര്‍ശിച്ചു. ഫോണ്‍ അന്വേഷണത്തിന് അനിവാര്യമാണെന്നും ഇത് എന്തുകൊണ്ട് കൈമാറിയില്ലെന്നും, ഫോണ്‍ കൈമാറാന്‍ ആശങ്ക എന്തിനാണെന്നും കോടതി ചോദിച്ചു. ദിലീപിന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ ഫോണില്‍ അദ്ദേഹത്തിന്റെ തന്നെ സൈബര്‍ വിദഗ്ധന്‍ തിരിമറി നടത്തിയാല്‍ എന്തുചെയ്യുമെന്നും ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാധിച്ചില്ലെങ്കില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണ്‍ കൈമാറിക്കൂടെയെന്നും കോടതി ചോദിച്ചു. എന്നാല്‍ അതിനും തയ്യാറല്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ 2016ലോ 2017 ലോ ഉപയോഗിച്ച ഫോണ്‍ അല്ല ഇതെന്നും ഗൂഢാലോചന കേസില്‍ ഉപയോഗിച്ചിട്ടില്ലെന്നും ആ ഫോണിലുള്ള മുഴുവന്‍ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കനാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറിയത്. പ്രോസിക്യൂഷന്‍ പറയുന്നതില്‍ കാര്യമില്ലെന്നും ലഭിക്കുന്ന വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഫോണ്‍ കൈമാറുന്നത് അപകടകരമാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ കോടതിയ്ക്ക് നല്‍കുന്നത് എങ്ങനെ അപകടകരമാകുമെന്ന് കോടതി ചോദിച്ചു. ഇവിടെ നിന്നും ഫോണ്‍ എങ്ങോട്ടും പോകില്ലെന്നും ദിലീപിന്റെ സ്വകാര്യത സംരക്ഷിക്കുമെന്നും കോടതി പറഞ്ഞു. ഇതുവരെ നടന്ന വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!