Section

malabari-logo-mobile

‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യം; പൃഥ്വിരാജ്; സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം കിഴക്കേകോട്ടയില്‍ തുറന്നു

HIGHLIGHTS : State's largest pedestrian flyover opened at East Kota

ഇതുവരെയുള്ള ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

തടിച്ചുകൂടിയ ജനസമുദ്രത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം കിഴക്കേകോട്ടയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. നടപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെല്‍ഫി പോയിന്റ് നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃച്ഛികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങള്‍ ജനിച്ച നാട്ടില്‍ പോകുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടില്‍ വരുമ്പോളുള്ള സന്തോഷം എന്ന്. ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിംഗ്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ പൊലീസ് നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്.

ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണ് തിരുവനന്തപുരം. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിനാണ് ആദ്യമേ ഞാന്‍ അഭിനന്ദനം അറിയിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന ആളാണ്. സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ എന്നെ ഉള്ളൂ. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇനങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നുവെന്ന് മാത്രം. പുതിയ കാപ്പ എന്ന സിനിമയില്‍ എന്റെ ഭാഷയില്‍ ഞാന്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരമൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

104 മീറ്റര്‍ നീളമുള്ള നടപ്പാലം തിരുവനന്തപുരം കോര്‍പ്പറേഷനും ആക്സോ എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് യാഥാര്‍ത്ഥ്യമാക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി രണ്ട് ലിഫ്റ്റുകളുള്ള നടപ്പാതയില്‍ നാല് പ്രവേശന കവാടങ്ങളുണ്ട്. കിഴക്കേകോട്ടയുടെ രാജകീയ പ്രൗഢിക്ക് യോജിക്കും വിധമുള്ള ശൈലിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ആകാശപാതക്കുള്ളില്‍ ജില്ലക്കാരായ പ്രഗദ്ഭരുടെ ഛായാചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 36 സുരക്ഷാ ക്യാമറകള്‍ക്ക് പുറമെ പോലിസ് എയിഡ് പോസ്റ്റും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരക്കേറിയ റോഡ് മുറിച്ചു കടക്കാന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കാല്‍നട മേല്‍പ്പാലം നഗരത്തിന് മാറ്റ് കൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പൊതുജന സൗകര്യം മുന്‍നിര്‍ത്തി നിര്‍മ്മിച്ച നടപ്പാത ഒരുപാട് വര്‍ഷങ്ങള്‍ പ്രയോജനപ്പെടട്ടെ എന്ന് പൃഥ്വിരാജ് ആശംസിച്ചു.

കിഴക്കേകോട്ട നടപ്പാതയുടെ മാതൃകയില്‍ തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും ബന്ധിപ്പിച്ച് മേല്‍പ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചതായി ചടങ്ങില്‍ സംസാരിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍, എ.എ റഹീം എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ, ഡപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!