Section

malabari-logo-mobile

നിയമപാലകരെന്ന വ്യാജേന തട്ടിപ്പ് വ്യാപകം; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒന്നരക്കോടി, മുന്നറിയിപ്പ് നല്‍കി പൊലീസ്

HIGHLIGHTS : Scams by pretending to be law enforcers are widespread, police warned

പോലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, TRAI, CBI, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിങ്ങള്‍ അയച്ച കൊറിയറിലോ നിങ്ങള്‍ക്കായി വന്ന പാഴ്‌സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും പാസ്‌പോര്‍ട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവര്‍ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അഥവാ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തി എന്നും അവര്‍ പറഞ്ഞെന്നിരിക്കും. വെബ്‌സൈറ്റില്‍ നിങ്ങള്‍ അശ്ലീലദൃശ്യങ്ങള്‍ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങള്‍ വരുന്നത് ഫോണ്‍ മുഖേനയോ ഇമെയില്‍ വഴിയോ ആകാം.

sameeksha-malabarinews

നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിക്കുന്ന അവര്‍ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജന്‍സിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വ്യാജരേഖകളും നിങ്ങള്‍ക്ക് അയച്ചുനല്‍കുന്നു. അവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങള്‍ പരിഭ്രാന്തരാകുന്നു.
ഫോണില്‍ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാര്‍ സ്‌കൈപ്പ് വഴിയും മറ്റും ഉള്ള വീഡിയോ കോളില്‍ പങ്കെടുക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. മുതിര്‍ന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും അവര്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുക. നിങ്ങള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും നിങ്ങള്‍ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും നിങ്ങളെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ പറയുന്നു. തങ്ങളുടെ അനുവാദമില്ലാതെ ഇനി നിങ്ങള്‍ എങ്ങോട്ടും പോകാന്‍ പാടില്ലെന്നും അവര്‍ അറിയിക്കും.

വീഡിയോ കോളിനിടെ അവര്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തിക സ്ഥിതിയുമൊക്കെ ചോദിച്ചു മനസ്സിലാക്കുന്നു. നിങ്ങളുടെ സമ്പാദ്യം പരിശോധനയ്ക്കായി നല്‍കണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ചുനല്‍കുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍, അവര്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം ഓണ്‍ലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂര്‍ത്തിയാകുന്നു
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഇത്തരത്തില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടു. മുംബൈ പോലീസില്‍ നിന്ന് എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ കയ്യില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്നത്. പണം നഷ്ടപ്പെട്ടാല്‍ ആദ്യമണിക്കൂറില്‍ തന്നെ അക്കാര്യം 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഓര്‍ക്കുക. നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയില്‍ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ തന്നെ 1930 ല്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം.

ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ കാള്‍ വിച്ഛേദിച്ചശേഷം 1930 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം.
നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബര്‍ തട്ടിപ്പിനെ നേരിടാന്‍ നമുക്ക് കഴിയൂ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!