Section

malabari-logo-mobile

വേനല്‍ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

HIGHLIGHTS : Summer is coming: Animal Welfare Department has issued a warning

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലില്‍ തുറസായ സ്ഥലത്തു മേയാന്‍ വിടുന്നത് ഒഴിവാക്കണം. 11നു മുന്‍പും നാലിനു ശേഷവും മാത്രം പശുക്കളെ മേയാന്‍ വിടണം.

തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. ഫാന്‍ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹകരമാവും. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍ / തുള്ളി നന/ സ്പ്രിങ്ക്ളര്‍ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കള്‍ക്ക് 80- 100 ലിറ്റര്‍ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

sameeksha-malabarinews

ചൂടും ഈര്‍പ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകല്‍ സമയങ്ങളില്‍ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടര്‍ന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വര്‍ദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകള്‍ക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളില്‍ കൂടുതല്‍ ഉമിനീര്‍ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മര്‍ദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനല്‍ക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടില്‍ നിന്നും പാല്‍ പൂര്‍ണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതല്‍ വൈകിട്ടു നാലു വരെയുള്ള സമയങ്ങളില്‍ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം.

സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.

സൂര്യാഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത്

1. തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കുക.

2. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കുക

വേനല്‍ക്കാലത്ത് അരുമ മൃഗങ്ങളുടെ പരിപാലനം

· വളര്‍ത്തു മൃഗങ്ങള്‍ക്ക് എല്ലായ്പ്പോഴും ശുദ്ധമായ തണുത്ത ജലം കുടിയ്ക്കാന്‍ പാകത്തിന് എല്ലാസമയത്തും ലഭ്യമാണെന്ന് ഉറപ്പാക്കുക.

· പകല്‍ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളില്‍ അരുമമൃഗങ്ങളെ പാര്‍പ്പിക്കരുത്.

· ഫാനുകളോ എയര്‍ കൂളറുകളോ ഉള്ള മുറികളില്‍ പകല്‍ സമയങ്ങളില്‍ അരുമ മൃഗങ്ങളെ പാര്‍പ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

· രോമം കൂടിയ ഇനത്തില്‍ പെട്ട അരുമ മൃഗങ്ങളെ വേനല്‍ക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

· കോണ്‍ക്രീറ്റ്/ ടിന്‍ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേല്‍ക്കൂരകളില്‍ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കില്‍ വെള്ളം തളിക്കുന്നതും കൂടുകളില്‍ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

· രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാല്‍ അവയെ പാര്‍പ്പിച്ചിരിക്കുന്ന കൂടുകളില്‍ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

· ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിന്‍ തുള്ളിമരുന്നുകള്‍ നല്‍കുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സഹായകരമായിരിക്കും

· ചൂടുകാലത്തു ബാഹ്യ പരാദങ്ങള്‍ പെറ്റുപെരുകുന്ന സമയമായതിനാല്‍ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥര്‍ സ്വീകരിക്കേണ്ടതാണ്.

· ചൂട് കൂടിയ ഉച്ച സമയങ്ങളില്‍ ആഹാരം നല്‍കാതെ ചൂട്കുറവുള്ള സമയങ്ങളില്‍ പ്രത്യേകിച്ച് രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നല്‍കുന്നതാണ് നല്ലത്.

· അടച്ചിട്ട കാറുകളില്‍ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥര്‍ പുറത്തുപോകരുത് .

· വളര്‍ത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകള്‍ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

· യാത്രകളുടെ ഇടവേളകളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കേണ്ടതാണ്.

· ചൂട് കൂടിയ പകല്‍ സമയങ്ങളില്‍ റോഡിലോ കോണ്‍ക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

· ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

· ശരീരോഷ്മാവ് വര്‍ധിക്കുക

· അമിതമായ ശ്വാസോച്ഛാസം

· സാധാരണ ഗതിയിലും കൂടുതലായി ഉമിനീര്‍ കാണുക

· വിറയല്‍

· തളര്‍ന്നു വീഴുക

· ആഹാരം കഴിയ്ക്കാതിരിക്കുക

· ക്ഷീണം

· ഛര്‍ദി

സൂര്യാഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത്

1. സൂര്യാഘാതമേറ്റാല്‍ ഉടന്‍ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.

2. തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കുക.

3. കുടിക്കാന്‍ തണുത്ത വെള്ളം നല്‍കുക.

4. ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!