Section

malabari-logo-mobile

‘കരിപ്പൂരില്‍ വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെസ സജ്ജീകരിക്കണം’

HIGHLIGHTS : 'Resa should be set up to resume major flights at Karipur'

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെ എന്‍ഡ് സേഫ്റ്റി
ഏരിയ(റെസ)വര്‍ധിപ്പിക്കാതെ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജനറല്‍ ഡോ. വിജയകുമാര്‍ സിംഗ് പറഞ്ഞു. ഇതു സംബന്ധിച്ച് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി പാര്‍ലിമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വലിയ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിന് നല്‍കിയ മറുപടിയിലാണു പ്രതികരണം.

കരിപ്പൂരില്‍ വലിയവിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സുരക്ഷയുടെ ഭാഗമായി റെസ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്ന വ്യവസ്ഥ എയര്‍ ഇന്ത്യ വിമാന അപകടത്തെത്തുടര്‍ന്ന് നിയമിക്കപ്പെട്ട വിദഗ്ധ സമിതിയുടെ ശുപാര്‍ശയാണെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പുവരുത്തിയുള്ള വിമാന സര്‍വീസ് എന്നതാണ് സമിതിയുടെ നിര്‍ദേശം.

sameeksha-malabarinews

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി)യാണ് കരിപ്പൂര്‍ വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് പ്രകാരമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. വലിയ വിമാന സര്‍വീസ് തുടങ്ങാന്‍ വേണ്ടിയാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ റെസ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്.
ഇതനുസരിച്ചാണ് റണ്‍വേയുടെ രണ്ടറ്റത്തുമായി 240 മീറ്റര്‍ വരുന്ന റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) നിര്‍മ്മിക്കാനാവശ്യമായ 14.5 ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപെട്ടത്.

2016 ല്‍ നിലവില്‍ വന്ന ദേശീയ സിവില്‍ ഏവിയേഷന്‍ നയപ്രകാരം വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. കരിപ്പൂരില്‍ വലിയ വിമാന സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് റെസക്ക് ആവശ്യമായ മണ്ണ് നിരപ്പാക്കല്‍ പ്രവൃത്തിയുടെ ചെലവ് ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി തയ്യാറായത്. ഇതനുസരിച്ച് 484.57 കോടി രൂപയുടെ ഭരണാനുമതിയും റെസ നിര്‍മാണത്തിനായി നല്‍കിയതായും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!