Section

malabari-logo-mobile

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ ഓര്‍മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം ; സംഗീത കോളജ് നിര്‍മാണത്തിന് 210 കോടി അനുവദിച്ചു

HIGHLIGHTS : It has been two years since legendary singer Lata Mangeshkar passed away; 210 crore has been sanctioned for the construction of music college

മുംബൈ: ഗായിക ലതാ മങ്കേഷ്‌കറിന്റെ സ്മരണാര്‍ഥം മുംബൈയില്‍ സ്ഥാപിക്കുന്ന സംഗീത കോളജിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 210.5 കോടിരൂപ അനുവദിച്ചു. മുംബൈ സര്‍വകലാശാലയുടെ കലീന കാംപസിലെ 7000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് കോളേജ് സ്ഥാപിക്കുക. ഭാരതരത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കര്‍ ഇന്റര്‍നാഷണല്‍ കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് മ്യൂസിയം എന്നാണ് സ്ഥാപനത്തിന്റെ പേര്. ഏഴിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തറക്കല്ലിടും. ലതാ മങ്കേഷ്‌കറിന്റെ രണ്ടാം ചരമവാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് തുകയനുവദിച്ചത്. നിര്‍മാണത്തിനായി ടെന്‍ഡര്‍ ക്ഷണിക്കും. മൂന്നുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഓര്‍മയായിട്ട് 2 വര്‍ഷം. 2022 ഫെബ്രുവരി 6ന് 92-ാം വയസിലാണ് 70 വര്‍ഷം നീണ്ട ആ സപര്യ അവസാനിച്ചത്. 1929 സെപ്തംബര്‍ 28 ന് മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടേയും ശുദ്ധമാതിയുടേയും ആറുമക്കളില്‍ മൂത്തയാളായി ആയിരുന്നു ലതയുടെ ജനനം. ആദ്യ നാളില്‍ ഹേമ എന്നായിരുന്നു പേര്. പിന്നീട് ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി പേര് ലത എന്നാക്കി മാറ്റുകയായിരുന്നു. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. തന്റെ അഞ്ചാമത്തെ വയസില്‍ തന്നെ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ ലതയ്ക്കും കുടുംബത്തിനും തിരിച്ചടിയായത് അച്ഛന്റെ പെട്ടെന്നുള്ള മരണമായിരുന്നു. ലതയ്ക്ക് 13 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കുഞ്ഞുലത തന്റെ ജന്മസിദ്ധമായ കലയെ പാകപ്പെടുത്തി വരുമാനം കണ്ടെത്തുകയായിരുന്നു. ആദ്യം അഭിനയത്തിലൂടേയും പിന്നീട് സംഗീതത്തിലൂടേയും ലത ജീവിതം കെട്ടിപ്പടുത്തു. 1942 ലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ലതാ മങ്കേഷ്‌കറുടെ വരവ്.

sameeksha-malabarinews

1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവര്‍ണകാലം ആരംഭിച്ചു. 15 ഭാഷകളിലായി 30000 ത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലാണ് ലത മങ്കേഷ്‌കറിന്റെ സ്ഥാനം. 1950 കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാലം അക്ഷരാര്‍ത്ഥത്തില്‍ ലത മങ്കേഷ്‌കര്‍ ബോളിവുഡ് പിന്നണി ഗാനമേഖലയെ നയിച്ചു.

നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ലത മങ്കേഷ്‌കറിന്റെ ഏക മലയാള ഗാനം. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയായിരുന്നു.ഏതാനും ഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ച ലത മങ്കേഷ്‌കര്‍ നാലു ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.

മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടി. 92 വയസിലാണ് ഇന്ത്യയുടെ വാനമ്പാടി അരങ്ങൊഴിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.

ഡിപ്ലോമ, ഡിഗ്രി കോഴ്സുകളായിരിക്കും സംഗീത കോളജ് നടത്തുക. 2022 ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് സംഗീത കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, തുകയനുവദിച്ചിരുന്നില്ല. കലീന കാംപസില്‍ നിര്‍മിക്കുമെന്ന് മാത്രമായിരുന്നു പ്രഖ്യാപനം. സ്ഥാപനത്തിന്റെ രൂപകല്പനയ്ക്കായി സര്‍ക്കാര്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന മാതൃക പ്രകാരമായിരിക്കും നിര്‍മാണം. മങ്കേഷ്‌കര്‍ കുടുംബത്തിന്റെറെ അഭിപ്രായംകൂടി ചോദിച്ചറിഞ്ഞ ശേഷമായിരിക്കും മാതൃക നിശ്ചയിക്കുക. ശിലാസ്ഥാപനവേളയില്‍ മുഖ്യമന്ത്രി മാതൃക പുറത്തിറക്കുമെന്നാണ് സൂചന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!