പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം: കുടുംബത്തിനെതിരെ ആരോപണവുമായി എഴുത്തുകാരന്‍ വിആര്‍ സുധീഷ് : നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍

കോഴിക്കോട് : പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നേരത്തെയുള്ള മരണത്തിനുത്തരവാദി അദ്ദേഹത്തിന്റെ കുടുംബമാണന്നുള്ള എഴുത്തുകാരന്‍ വിആര്‍ സുധീഷിന്റെ പരാമര്‍ശത്തിനെതിരെ പുനത്തിലിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു.
തിങ്കളാഴ്ച കോഴിക്കോട് സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘മരിക്കാത്ത കുഞ്ഞിക്ക’ എന്ന അനുസ്മരണ പരിപാടിയിലായിരുന്നു വിആര്‍ സുധീഷിന്റെ കടുത്ത പരാമര്‍ശങ്ങള്‍.

കഴിഞ്ഞവര്‍ഷമൊന്നും പിരിഞ്ഞുപോകേണ്ട ആളായിരുന്നില്ല പുനത്തില്‍, ഇനിയും ഒരുപാട് വര്‍ഷം ജീവിക്കേണ്ടിയിരുന്ന അദ്ദേഹത്തെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയത് അദ്ദേഹത്തിന്റെ കുടുംബമാണ് എന്നായിരുന്നു സുധീഷിന്റെ ആരോപണം. ഏതു കോടതിയിലും ഇതുതുറന്നുപറയാന്‍ താന്‍ തയ്യാറാണെന്നും സുധീഷ് പറഞ്ഞു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സഹോദരന്‍ പുനത്തില്‍ ഇസ്മായിലിന്റെ സാനിധ്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

എന്നാല്‍ പിന്നീട് സംസാരിച്ച പുനത്തില്‍ ഇസ്മായില്‍ ഈ ആരോപണത്തെ പൂര്‍ണ്ണമായും നിഷേധിച്ചു. പുനത്തില്‍ വീട്ടുതടങ്കലിലാണെന്ന പരാമര്‍ശം ശരിയല്ലെന്നും സുധീഷിന്റെ പരാമര്‍ശങ്ങള്‍ തങ്ങളെ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പുനത്തിലിന്റെ അനുസ്മരണവേദിയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് ശരിയായ നടപടിയെല്ലെന്ന് ഇസ്മായില്‍ പുനത്തില്‍ മലബാറിന്യുസിനോട് പറഞ്ഞു. ചികിത്സയുടെ ഭാഗമായി കുഞ്ഞിക്ക ഫ്‌ളാറ്റില്‍ താമസിച്ചിരുന്നുകാലത്ത് സന്ദര്‍ശകര്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളെ പോലും വീട്ടുതടങ്കലായി ചിത്രീകരിച്ചു. മരിച്ച കുഞ്ഞിക്കയെ വെറുതെ വിടണമെന്നും ഇത്തരത്തില്‍ ഹീനമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ കുഞ്ഞിക്കയുടെ അനുസ്മരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കുടുംബം കോഴിക്കോട് സാംസ്‌ക്കാരികവേദിയോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടന്ന് സംശയിക്കുന്നതായും വിആര്‍ സുധീഷിനെതിരെ പുനത്തിലിന്റെ കുടുംബം നിയമനടപടികളെ കുറിച്ച് ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഇതിനായി നിയമോപദേശം തേടിക്കഴിഞ്ഞു.

ഇന്നലെ കോഴിക്കോട് അളകാപുരിയില്‍ നടന്ന അനുസ്മരണം എഴുത്തുകാരന്‍ ശത്രുഘ്‌നനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ എകെ അബ്ദുല്‍ ഹക്കീം അധ്യക്ഷം വഹിച്ചു. എന്‍പി ഹാഫിസ് മുഹമ്മദ്, പികെ പാറക്കടവ്, രാജേന്ദ്രന്‍ എടത്തുംകര, രാജന്‍മാസ്റ്റര്‍, ലിജേഷ്, കെവി ശശി എന്നിവര്‍ സംസാരിച്ചു.

Related Articles