കോഴിക്കോട്: കര്‍ണാടകയില്‍ മാണ്ഡ്യയിലെ റെയില്‍ പാളത്തില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കിനെ തുടര്‍ന്നാണ് ജംഷീദ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശക്തമായ ആഘാതത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ ജംഷീദിന്റെ ശരീരത്തിലുണ്ട്.
കഴിഞ്ഞ മാസം പതിനൊന്നാം തീയതിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കര്‍ണാടകയിലേക്ക് വിനോദയാത്ര പോയ ജംഷാദിനെ കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
ജംഷീദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ട്രെയിന്‍ തട്ടിയാണ് ജംഷീദ് മരിച്ചതെന്ന കൂട്ടുകാരുടെ വിശദീകരണം ശരിയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.




