കവര്‍ച്ച നടത്തിയ പണംകൊണ്ട് കിക്ക് ബോക്സിങ്ങും പെണ്‍സുഹൃത്തുക്കളുമായി കറക്കവും, മോഷ്ടാവ് പിടിയില്‍

മലപ്പുറം: അന്തര്‍ജില്ലാ മോഷ്ടാവ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍(ജിമ്മന്‍ കിച്ചു-25) പിടിയില്‍. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. പരപ്പനങ്ങാടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച നടത്തിവരികയായിരുന്നു ജിമ്മന്‍ കിച്ചുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. 200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട കിഷോര്‍. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് ജില്ലയ്ക്കകത്തും പുറത്തുമായി അടുത്തിടെ നടന്ന 15-ഓളം മോഷണങ്ങള്‍ക്കും തുമ്പായി. ലഹരിക്ക് അടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്.

കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈ.എസ്.പി. ടി.മനോജ്, മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍.ദിനേശ്കുമാര്‍, അജയന്‍, എ.എസ്.ഐ.മാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ.ദിനേശ്, പി.സലീം, ആര്‍.ഷഹേഷ്, കെ.കെ.ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top