പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കാന്‍ തിരൂരങ്ങാടി പോസ്റ്റോഫീസ് പരിഗണിക്കുന്നു

തിരൂരങ്ങാടി: എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി ചെമ്മാട് ടൗണിലുള്ള തിരൂരങ്ങാടി സബ് പോസ്റ്റ് ഓഫീസ് പരിഗണിക്കുന്നു. പൊന്നാനി ലോകസഭാ മണ്ഡലത്തിനായുള്ളതാണ് തിരൂരങ്ങാടിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി സബ് പോസ്റ്റ് ഓഫീസില്‍ തപാല്‍ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. ചെമ്മാട് ടൗണില്‍ താലൂക്ക് ഓഫീസിന് സമീപത്താണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് തപാല്‍ വകുപ്പിന്റെ സ്വന്തം സ്ഥലവും കെട്ടിടവുമാണിത്. ഇപ്പോള്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗം കുറച്ചുകൂടി മുന്നിലേക്ക് മാറ്റി പിറകുവശത്താകും സേവാ കേന്ദ്രത്തിന് സൗകര്യമൊരുക്കുക.

ഓഫീസുകള്‍ പരസ്പരബന്ധമില്ലാത്ത വിധം വേര്‍തിരിക്കും. സംസ്ഥാനത്ത് കാസര്‍കോട്ടും പത്തനംതിട്ടയിലും മാത്രമാണ് ഇപ്പോള്‍ തപാല്‍ വകുപ്പിന്റ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലും പരിഗണനയിലുണ്ട്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെല്ലാം തപാല്‍ വകുപ്പിന്റെ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിക്കും ഓരോ ദിവസവും 50 ടോക്കണ്‍ വീതം ആകും നല്‍കുക. പുതിയ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വരുന്നത് താലൂക്കിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടും.

Related Articles