Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുകളുടെ മൃതദേഹം മതാചാര പ്രകാരം കുളിപ്പിക്കുന്നതായി പരാതി: പോലീസ്‌ കേസെടുത്തു

HIGHLIGHTS : പരപ്പനങ്ങാടി : കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുകളുടെ മൃതശരീരം കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മതാചാരത്തിന്റെ ഭാഗമായി കുളിപ്പിക്കുന്നതായി പരാതി. സംഭവത്ത...

പരപ്പനങ്ങാടി : കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുകളുടെ മൃതശരീരം കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മതാചാരത്തിന്റെ ഭാഗമായി കുളിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

പരപ്പനങ്ങാടി ആസ്ഥാനമായ സോഫ്‌റ്റ്‌ എന്ന സംഘടനയിലെ അംഗങ്ങളാണ്‌ മൃതദേഹങ്ങള്‍ കുളിപ്പിച്ചതെന്നാണ്‌ പരാതി. പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ്‌ ഈ ചടങ്ങുകള്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു

sameeksha-malabarinews

കഴിഞ്ഞ ദിവസം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ ഒരു ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ കോവിഡ്‌ രോഗിയുടെ മൃതദേഹം പരപ്പനങ്ങാടിയിലെക്ക്‌ എത്തിച്ചപ്പോള്‍ ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകാതെ പരപ്പനങ്ങാടി ചെമ്മാട്‌ റോഡിലുള്ള ഒരു സ്ഥാപനത്തിലേക്ക്‌ കൊണ്ടുപോകുകയും അവിടെ വെച്ച്‌ മൃതദേഹം കുളിപ്പിക്കുകയും ചെയ്‌തതായി പറഞ്ഞിരുന്നു. കുളിപ്പിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റാനാകില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന്‌ തര്‍ക്കമുണ്ടായെന്നും ഡ്രൈവര്‍മാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്‌. ഈ സംഭവമാണ്‌ ഇപ്പോള്‍ പരാതിക്കിടയാക്കിയിരിക്കുന്നത്‌.

കോവിഡ്‌ മാനദണ്ഡം പാലിക്കാത്തതിനും മനപൂര്‍വ്വം രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയതിനുമാണ്‌ പരപ്പനങ്ങാടി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സംഭവത്തില്‍ അന്വേഷണനം ആരംഭിച്ചതായും, കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി സിഐ ഹണി കെ. ദാസ്‌ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!