Section

malabari-logo-mobile

ഓണ്‍ലൈന്‍ അപേക്ഷയില്‍ 5 ദിവസത്തിനകം തീരുമാനമുണ്ടാകണം: മുഖ്യമന്ത്രി

HIGHLIGHTS : Online application should be decided within 5 days: CM

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ അഞ്ചുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയ രീതികള്‍ പാടേ മാറണമെന്നും എന്‍ജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിച്ച സംസ്ഥാന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

അറുപതില്‍പ്പരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാണ്. വാണിജ്യ, വ്യാപാര ആവശ്യങ്ങളൊഴികെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി. ഗ്രാറ്റുവിറ്റി, റെസിഡന്‍സി, ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്‍പ്പെടെ നടപടി ലഘൂകരിച്ചു. ഒരിക്കല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷക്കാലയളവില്‍ ഏത് ആവശ്യത്തിനും ഉപയോഗിക്കാനാകും. സേവനങ്ങള്‍ നവീകരിക്കുമ്പോള്‍ അര്‍ഹതയുള്ള ഒരാള്‍ക്കുപോലും അതിന്റെ ഗുണം ലഭിക്കാതാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

വാതില്‍പ്പടി സേവനം : ജീവനക്കാര്‍ സന്നദ്ധപ്രവര്‍ത്തകരാകും
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വാതില്‍പ്പടി സേവനം’ പദ്ധതിയില്‍ സംസ്ഥാന ജീവനക്കാര്‍ സന്നദ്ധപ്രവര്‍ത്തകരാകും. എന്‍ജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച ‘നവകേരളവും സിവില്‍ സര്‍വീസും’ സംസ്ഥാന ശില്‍പ്പശാലയിലാണ് അഭിപ്രായം രൂപപ്പെട്ടത്. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉപയോഗരീതികളിലും ഡിജിറ്റല്‍ സാക്ഷരതയിലും ജനകീയ പ്രചാരണം സംഘടിപ്പിക്കാന്‍ സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കും. സര്‍ക്കാര്‍ ഓഫീസ് സ്ത്രീസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാനും ശില്‍പ്പശാല ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പ്പശാല ഉദ്ഘാടനംചെയ്തു. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം എ അജിത്കുമാര്‍, സംസ്ഥാന ട്രഷറര്‍ എന്‍ നിമല്‍രാജ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസര്‍ എന്നിവര്‍ അധ്യക്ഷരായി.

കെജിഒഎ ജനറല്‍ സെക്രട്ടറി ഡോ. എസ് ആര്‍ മോഹനചന്ദ്രന്‍ ശില്‍പ്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. 15 വിഷയത്തില്‍ സമാന്തര സെഷനുകള്‍ നടന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം വി ഗോവിന്ദന്‍, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, പി പ്രസാദ്, മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. ബി ഇക്ബാല്‍, എസ് എം വിജയാനന്ദ്, ഷീല തോമസ്, ശാരദ മുരളീധരന്‍, ഡോ. ടി എന്‍ സീമ, ഡോ. സജി ഗോപിനാഥ്, ഡോ. പി വി ഉണ്ണികൃഷ്ണന്‍, ഡോ. ജോയി ഇളമണ്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!