Section

malabari-logo-mobile

നാടുകാണിചുരം പാത ഉടന്‍ ഗതാഗതയോഗ്യമാക്കും

HIGHLIGHTS : പ്രളയത്തില്‍ തകര്‍ന്ന നാടുകാണി ചുരം പാത ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മഞ്ചേരി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീ...

പ്രളയത്തില്‍ തകര്‍ന്ന നാടുകാണി ചുരം പാത ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മഞ്ചേരി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത ജില്ലാവികസന സമിതി യോഗത്തില്‍ അറിയിച്ചു. നാടുകാണിചുരം പാത ഗതാഗത യോഗ്യമാക്കി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാവികസനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നാടുകാണി ചുരവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും തുടര്‍ന്ന് പി.ഡബ്ല്യൂ.ഡി റോഡ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയറിന്റെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് വിശദമായ പഠനം നടത്തി വാഹനങ്ങള്‍ കടത്തിവിടാനുള്ള സൗകര്യം വേഗത്തില്‍ ഒരുക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പു നല്‍കി. നാടുകാണിചുരം പാതയില്‍ ഒരു ഭാഗത്ത് കൂടെ ചെറിയവാഹനങ്ങള്‍ കടത്തിവിടുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജാറത്തിന് സമീപം റോഡില്‍ രൂപപ്പെട്ട താഴ്ച 1.65 മീറ്ററിന് മുകളില്‍ അധികരിക്കുകയും വിള്ളല്‍ വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചതെന്നും എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് വാടകവീടുകളിലേക്ക് താമസം മാറിയവര്‍ക്ക് വാടക നല്‍കുന്നതിന് പഞ്ചായത്ത് പ്രത്യേക ഉത്തരവിലൂടെ നല്‍കണമെന്ന് വികസന സമിതി മറൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ രാത്രികാല ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു. നിലമ്പൂരില്‍ നിന്നും രാത്രി 8.30ന് ശേഷം ഷൊര്‍ണ്ണൂരിലേക്കോ അവിടെ നിന്നും നിലമ്പൂരിലേക്കോ ട്രെയിന്‍ സര്‍വീസില്ല. ബാംഗ്ലൂര്‍, ഗൂഢല്ലൂര്‍ ഭാഗത്തു നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന യാത്രകാര്‍ക്ക് കൊച്ചി, മദ്രാസ്, എന്നിവിടങ്ങളിലേക്കും മദ്രാസ്-കൊച്ചി, തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ക്ക് ജില്ലയിലേക്കും ഒപ്പം ഗുഢല്ലൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ ഭാഗത്തേക്കും എത്തുന്നതിന് പ്രയാസമുണ്ടെന്നും സമിതി യോഗത്തില്‍ അറിയിച്ചു.
ജില്ലയില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് വര്‍ക്കിങ് അറേഞ്ച്മെന്റ് അനുവദിക്കരുതെന്നായിരുന്നു വികസന സമിതി അംഗീകരിച്ച മറ്റൊരു പ്രമേയം. ജില്ലയിലേക്ക് മറ്റു ജില്ലകളില്‍ നിന്നും പല ഉദ്യോഗസ്ഥരും ട്രാന്‍സ്ഫറായി വരികയും എന്നാല്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്ക് തിരിച്ച് നിയമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായും യോഗം ചൂണ്ടികാണിച്ചു. ഒഴിവുള്ള തസ്തികയില്‍ പുതുതായി നിയമനം നടത്തി ഈ ഗൗരവ വിഷയം പരിഹരിക്കാനും സമിതി ആവശ്യപ്പെട്ടു.
തവനൂര്‍-തിരുന്നാവായ പാലം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനും യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായത്തിനായി അപേക്ഷിച്ചവരുടെ അപേക്ഷകള്‍ വില്ലേജു ഓഫീസുകളില്‍ കെട്ടികിടക്കുകയാണെന്നും അവയില്‍ നടപടികള്‍ സ്വീകരിക്കാനും പ്രമേയം ആവശ്യപ്പെട്ടു.
ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളില്‍ കോഴി മാലിന്യങ്ങള്‍ തള്ളുന്നതിനായി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ സംബന്ധിച്ച് അന്വേഷണം നടത്താനും പ്രമേയം ആവശ്യപ്പെട്ടു. പാതകളില്‍ സി.സി.ടി.വി സ്ഥാപിച്ച് മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങളെയും മാഫിയകള്‍ ഉപയോഗിക്കുന്ന ഗുഡ്സ് വാഹനങ്ങളെയും കണ്ടെത്താന്‍ കഴിയുമെന്നും യോഗം നിര്‍ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എന്‍.എം മെഹ്റലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, സി.മമ്മുട്ടി, പി.ഉബൈദുള്ള, പി.അബ്ദുല്‍ ഹമീദ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വിവിധ ജനപ്രതിനിധികളുടെ പ്രതിനിധികളായ സലീം കുരുവമ്പലം, അഡ്വ.അബു സിദ്ദീഖ്, അഷ്റഫ് കോക്കൂര്‍, വി.വി പ്രകാശ്, പി.വിജയന്‍, പി.മന്‍സൂര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!