Section

malabari-logo-mobile

“എന്റെ മതമല്ല എന്റെ ഐഡന്റിറ്റി” മീഡിയവണ്‍ ക്യാമറാമാന്‍ പിഎം ഷാഫിക്ക് പറയാനുള്ളത്

HIGHLIGHTS : ദില്ലിയിലെ കലാപമുഖത്ത് നിന്നും ജീവന്‍ പണയംവെച്ച് ജോലിചെയ്ത തന്നെ ട്രോളുന്നവരോട് മീഡിയവണ്‍ ക്യാമറാമാന്‍ പിഎം ഷാഫിക്ക് പറയാനുള്ളത് കഴിഞ്ഞ ദിവസങ്ങളില...

ദില്ലിയിലെ കലാപമുഖത്ത് നിന്നും ജീവന്‍ പണയംവെച്ച് ജോലിചെയ്ത തന്നെ ട്രോളുന്നവരോട് മീഡിയവണ്‍ ക്യാമറാമാന്‍
പിഎം ഷാഫിക്ക് പറയാനുള്ളത്

കഴിഞ്ഞ ദിവസങ്ങളില്‍ ജീവന്‍ പണയം വെച്ച് ദില്ലിയിലെ കലാപഭുമിയില്‍ റിപ്പോര്‍ട്ടിങ്ങ് നടത്തിയ പിഎം ഷാഫി എന്ന മലയാള മാധ്യമപ്രവര്‍ത്തകനെ സഹപ്രവര്‍ത്തകരടക്കമുള്ള ഒരു വിഭാഗം ക്രൂരമായ സാമൂഹ്യമാധ്യമവിചാരണക്ക് വിധേയനാക്കുകയാണ്. റിപ്പോര്‍ട്ടിങ്ങിനിടെ തന്നെ തടഞ്ഞ ജനക്കൂട്ടത്തിനോട് തന്റെ മതം പറഞ്ഞ് രക്ഷപ്പെട്ടു എന്നായിരുന്നു ആരോപണം. ഷാഫിക്കെതിരെ ട്രോളുകളുമായി സംഘപരിവാര്‍ കൂട്ടായ്മകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്രമണം നടത്തുന്നത്. ഇതേ തുടര്‍ന്നാണ് ഷാഫി തന്റെ ഫെയസ്ബുക്ക് പേജില്‍ തനിക്ക് പറയാനുള്ളത് വിശദീകരിക്കുന്നത്.

ഞാന്‍ പി എം ഷാഫി, മനുഷ്യനാണ്, മാധ്യമപ്രവര്‍ത്തകനാണ്
നാല് കൊല്ലം മുന്‍പാണ് ഡല്‍ഹി മീഡിയ വണ്ണില്‍ ക്യാമറമാനായി ജോലി തുടങ്ങുന്നത്. ഈ സമയത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ മനസിനെ കീറിമുറിക്കുന്ന പലതരത്തിലുള്ള സംഭവങ്ങള്‍ എന്റെ ക്യാമറ കണ്ണില്‍ പതിഞ്ഞിട്ടുണ്ട്. അതിന്റെ ഒന്നും അടിസ്ഥാനം ജാതിയും മതവുമല്ല. വേദനയിലേക്കും പ്രയാസങ്ങളിലേക്കുമാണ് ഇന്നേ വരെ ഞാന്‍ ക്യാമറ തുറന്നു വച്ചത്. ഇന്ത്യന്‍ പ്രെസ്സ് ക്ലബ്ബിന്റെ മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് എനിക്ക് നേടിത്തന്ന ദൃശ്യങ്ങള്‍ തെരുവിലെ അനാഥമായ കുഞ്ഞുങ്ങളുടെ ജീവിതം ഒപ്പിയെടുത്തതിനാണ്. അവിടെ മാനദണ്ഡം മനുഷ്യത്വം മാത്രമായിരുന്നു. ജോലിയില്‍ മാത്രമല്ല ജീവിതത്തിലും നല്ല മനുഷ്യനായിട്ടാണ് ഇത്രയും കാലവും ജീവിച്ചതും. എത്രതന്നെ നിങ്ങള്‍ ചാപ്പകുത്താന്‍ ശ്രമിച്ചാലും ഞാന്‍ മനുഷ്യനായിത്തന്നെ തുടരും.
കഴിഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹില്‍ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ . സഹജീവി ആണെന്നുള്ള പരിഗണന പോലുമില്ലാതെ നികൃഷ്ട ജീവികളെപോലെ മനുഷ്യനെ തല്ലി കൊല്ലുന്ന കാഴ്ചയാണ് ഡല്‍ഹിയിലെ ഓരോ തെരുവുകളിലും ദൃശ്യമാകുന്നത്. മനുഷ്യന്‍ എന്ന നിലയില്‍ മനസ് തന്നെ തകര്‍ന്നു പോകുന്നു കാഴ്ചകള്‍ക്കാണ് ദിവസേനെ സാക്ഷ്യത്തം വഹിക്കുന്നത്. ഇതിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. ഇപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ കാരണം കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയില്‍ എന്നെയും എന്റെ സ്ഥാപനത്തെയും കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്ക് മറുപടി ആയിട്ടാണ്.
മിനിറ്റുകള്‍ കൊണ്ട് നിറം മാറുന്ന ഡല്‍ഹിലെ തെരുവുകളില്‍ നിന്ന് ജീവന്‍ പണയം വച്ചാണ് ഓരോ കാഴ്ചയും ജനങ്ങളിലേക്ക് എത്തിക്കുന്നത്. മറ്റു ചിലര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഞങ്ങളുടെ ജീവന്റെ വില മുതലെടുക്കുകയാണ്. മതം പറഞ്ഞു രക്ഷപെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ അസഹനീയമായ വേദനയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്ന സഹപ്രവര്‍ത്തകരോട് വയനാട്ടിലെ സാധാരണ നാട്ടിന്‍ പുറത്തുകാരനായ എനിക്ക് പറയാനുള്ളത്, എന്റെ മതമല്ല എന്റെ ഐഡന്റിന്റി എന്നാണ്. ഡല്‍ഹില്‍ നടക്കുന്ന അക്രമങ്ങളെ സ്വതന്ത്രമായി ജനങ്ങളില്‍ എത്തിക്കണം. അല്ലാതെ സത്യങ്ങള്‍ തുറന്നു കാട്ടുന്നവരെ വിമര്‍ശിക്കുകയും അവരെ ജാതി യുടെയും മതത്തിന്റെയും പേരില്‍ വിമര്‍ശിക്കുകയല്ല വേണ്ടത്.
എനിക്കും സ്ഥാപനത്തിനുമെതിരെ വ്യാജ വാര്‍ത്ത പടച്ചു വിടുന്നവരുടെ ശ്രദ്ധക്കായി….
വടിയും കല്ലുമായി നില്‍ക്കുന്ന അക്രമികളുടെ ഇടയിലേക്ക് ഒന്ന് ചെന്നു നോക്കു. അപ്പോള്‍ അറിയാം. ജാതിയും മതവും വ്യാജ പ്രചാരകരായ നിങ്ങള്‍ക്കാണ് ആവശ്യം. അതിനു വേണ്ടി ഞങ്ങളെ മുതലെടുക്കേണ്ട. വീഡിയോയുടെ ഒരു കഷ്ണം മുറിച്ചെടുത്തു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കണം നിങ്ങളെ പോലെ മനസാക്ഷി പണയം വെച്ചു സത്യങ്ങള്‍ക്കു നേരെ ഞങ്ങള്‍ക്കു കണ്ണടക്കാന്‍ ആകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം എല്ലാവരും അറിയണം.
ലൈവ് കൊടുത്തിട്ട് മറ്റൊരു സ്ഥലത്തേക്കു പോകുകയായിരുന്നു. ഞങ്ങള്‍ റിപ്പോര്ട്ടിംഗ് സംഘം. മുന്നോട്ട് പോയപ്പോള്‍ ഇന്ത്യ ടുഡേയുടെ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. അങ്ങോട്ട് ഒറ്റയ്ക്ക് പോകരുതെന്നും പ്രശ്‌നമാണെന്നും ഗ്രുപ്പ് ആയിട്ട് പോകുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എന്തോ സംഭവിക്കട്ടെ എന്നു പറഞ്ഞു രണ്ടും കല്‍പ്പിച്ച് ഞാനും റിപ്പോര്‍ട്ടറും അങ്ങോട്ടേക്ക് പോകുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോള്‍ ഞങ്ങളെ കുറെ ആളുകള്‍ തടഞ്ഞു. ഭാഗ്യവശാല് ഈ സമയം ഒരാള്‍ ഞങ്ങളെ പിന്തുണച്ച് മുന്നോട്ട് വന്നു. ഞങ്ങള്‍ പ്രശ്‌നക്കാര്‍ അല്ലെന്നും ഒന്നും ചെയ്യരുതെന്നും അയാള്‍ പ്രതിഷേദക്കാരോട് പറഞ്ഞു. കൂട്ടത്തിലൊരാള് എന്നെ സ്‌കൂട്ടറില്‍ കയറ്റി സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാനായി കയറ്റി കൊണ്ട് പോയി. വണ്ടിയില്‍ പോകുന്നതിനിടെ ഒരു ഗ്രുപ്പ് ആളുകള്‍ ഞങ്ങളുടെ ബൈക്ക് തടഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് ഇവര്‍ എനിക്ക് നേരെ വരുകയായിരുന്നു. നിങ്ങള്‍ മോദിയുടെ മാധ്യമപ്രവര്‍ത്തകര്‍ ആണെന്നും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തെറ്റിക്കാന്‍ വേണ്ടിയാണു ഇങ്ങോട്ട് വന്നതെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. അവിടുത്തെ അന്തരീക്ഷം നിമിഷങ്ങള്‍ക്കകം വഷളാകുകയായിരുന്നു. ജീവന്‍ തന്നെ അപകടത്തില്‍ ആകുന്ന നിലയിലേക്ക് കാര്യങ്ങള്‍ അതിവേഗം മാറി. വീണ്ടും മുസ്ലിം വിരുദ്ധ വാര്‍ത്തയാണ് പോകുന്നതെന്ന് പറഞ്ഞ് അവര്‍ ക്യാമറയും അതിലുള്ള ദൃശ്യങ്ങളും മായ്ക്കാന്‍ ശ്രമിച്ചു. ജീവന്‍ തന്നെ അപകടത്തിലാകുന്ന ഒരു നിലയിലേക്ക് കാര്യങ്ങള്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഞാനും നിങ്ങളെ പോലെ മുസ്ലിം ആണെന്നും. ഞങ്ങള്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തെറ്റിക്കുന്നതുപോലുള്ള വ്യാജ വാര്‍ത്തകള്‍ കൊടുക്കാന്‍ അല്ല വന്നതെന്നും അവരെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു. അല്ലാതെ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കും പോലെ മതം പറഞ്ഞത് സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടിയല്ല.
മനുഷ്യരെ പേരിനൊപ്പമുള്ള മതം നോക്കി അളക്കുന്ന നികൃഷ്ട ചിന്തയോട് നല്ല നമസ്‌ക്കാരം പറഞ്ഞ് നിര്‍ത്തുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!