Section

malabari-logo-mobile

വധ ഗൂഢാലോചന കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

HIGHLIGHTS : Murder conspiracy case; The High Court will hear Dileep's plea to quash the FIR today

വധ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ സിംഗിള്‍ ബഞ്ചാണ് വാദം കേള്‍ക്കുക. ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നില്ല.

നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസെന്നാണ് ദിലീപിന്റെ വാദം. കൃത്യമായി ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടാണ് വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോണ്‍ രേഖകള്‍ അടക്കം നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

sameeksha-malabarinews

ഇതിനിടെ കേസിലെ ആറാം പ്രതിയായ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശരത്തിനെ ഇന്നലെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഒന്‍പതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത ചില വാട്സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ചില നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!