Section

malabari-logo-mobile

ശബരിമലയില്‍ കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : More health services in Sabarimala: Minister Veena George

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ തീര്‍ത്ഥാടകരെത്തുന്ന കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. വിപുലമായ ആംബുലന്‍സ് നെറ്റുവര്‍ക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും സജ്ജമാണ്. 15 ബിഎല്‍എസ് ആംബുലന്‍സ്, ഒരു എ.എല്‍.എസ്. ആംബുലന്‍സ്, 2 മിനി ബസ് എന്നിവ അടിയന്തര ആവശ്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എരുമേലി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം ഇടത്താവളം, അടൂര്‍ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുമളി പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.

sameeksha-malabarinews

നിലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ചരല്‍മേട് ഡിസ്‌പെന്‍സറി, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അധികമായി നിയമിച്ചിട്ടുണ്ട്. 2 കാര്‍ഡിയോളജിസ്റ്റ്, 2 പള്‍മണോളജിസ്റ്റ്, 5 ഫിസിഷ്യന്‍, 5 ഓര്‍ത്തോപീഡിഷ്യന്‍, 4 സര്‍ജന്‍, 3 അനസ്തറ്റിസ്റ്റ്, 8 അസിസ്റ്റന്റ് സര്‍ജന്‍മാര്‍ എന്നിവരെ 7 ദിവസത്തെ ഡ്യൂട്ടി കാലയളവ് കണക്കാക്കി നിയമിച്ചിട്ടുണ്ട്. 6 ലാബ് ടെക്‌നീഷ്യന്‍, 13 ഫാര്‍മസിസ്റ്റ്, 19 സ്റ്റാഫ് നഴ്‌സ്, 11 നഴ്‌സിംഗ് അസിസ്റ്റന്റ്, 17 ആശുപത്രി അറ്റന്റന്റ്, 4 റേഡിയോഗ്രാഫര്‍ എന്നിവരും ഒരു ബാച്ചിലുണ്ടാകും. ഇതുകൂടാതെ എല്ലാ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലും നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിവിസി യൂണിറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തേയും സമീപ പ്രദേശത്തേയും വെള്ളം ക്ലോറിനേറ്റ് ചെയ്‌തെന്ന് ഉറപ്പ് വരുത്തും. എലിപ്പനി പ്രതിരോധ ഗുളികകളായ ഡോക്‌സിസൈക്ലിന്‍, പാമ്പുകടിയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം എന്നിവയും ഉറപ്പ് വരുത്തിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് യാത്രാ വേളയില്‍ ആരോഗ്യ സേവനത്തിനായുള്ള സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!