Section

malabari-logo-mobile

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

HIGHLIGHTS : The interrogation of Monson Mavungal, who is in the custody of the Crime Branch, will continue today

തൃപ്പൂണിത്തുറ: വ്യാജ പുരാവസ്തുക്കള്‍ കാണിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകീട്ടോടെയാണ് മോന്‍സണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത് മൂന്ന് ദിവസത്തേക്കാണ്. കസ്റ്റഡി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

മോന്‍ണിസന്റെ ബാങ്ക് ഇടപാടുകള്‍ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കള്‍ക്ക് എങ്ങിനെ ഇയാള്‍ രേഖകള്‍ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

sameeksha-malabarinews

ഇന്നലെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മോന്‍സണ്‍ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയല്‍വാസിയെന്ന നിലയിലുള്ള അടുപ്പമാണെന്ന് നടന്‍ ബാല ട്വന്റിഫോറിനോട് പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നുവെന്നും മോന്‍സണെപ്പറ്റി കൂടുതല്‍ അന്വേഷിച്ചിട്ടില്ലെന്നും ബാല ട്വന്റിഫോര്‍ ‘എന്‍കൗണ്ടറില്‍’ പ്രതികരിച്ചു. മാത്രമല്ല മറ്റാരുടെയെങ്കിലും പ്രശ്‌നങ്ങളില്‍ തന്നെ വലിച്ചിടരുതെന്നും ബാല അഭ്യര്‍ത്ഥിച്ചു.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!