Section

malabari-logo-mobile

മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോര്‍ജ് ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു; കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി

HIGHLIGHTS : Minister Veena George visits General Hospital without warning

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശിച്ചു. സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണം. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.

ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ മന്ത്രി സന്ദര്‍ശിച്ചു. വിവിധ മാനിക്യിനുകള്‍ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകള്‍ മന്ത്രി നേരിട്ട് വിലയിരുത്തി.

sameeksha-malabarinews

ആശുപത്രി സൗകര്യം, സേവനം, ചികിത്സ എന്നിവ ഉറപ്പാക്കാനാണ് ആശുപത്രി സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ പ്രധാന ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ ധാരാളമാളുകള്‍ എത്തുന്നുണ്ട്. അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കണം. ഒപിയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഒപി കൗണ്ടറുകളും ചില ഒപി പരിശോധനാ മുറികളും രോഗികള്‍ക്ക് സൗകര്യപ്രദമായവിധം പുനക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ജനറല്‍ ആശുപത്രിയിലെ മുന്‍വശത്തുള്ള പാസ് കൗണ്ടറിലാണ് മന്ത്രി ആദ്യമെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് കൗണ്ടറുകളുള്ളതായി ബോര്‍ഡുണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന് ക്യൂവില്‍ നിന്ന ഒരാള്‍ പരാതി പറഞ്ഞു. ഉടന്‍ തന്നെ മന്ത്രി കൗണ്ടറില്‍ കയറി കാര്യമന്വേഷിച്ചു. അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി. എന്നാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്തിട്ടും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടു. തടസങ്ങള്‍ നീക്കി അവര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വി.ആര്‍. രാജു മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!