
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. തുടരന്വേഷണത്തില്‍ ഇടപെടാന്‍ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്.
തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ആവശ്യം തള്ളി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.
കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നടി ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കി. നോട്ടിസിന് അഡ്വ. ബി രാമന്‍ പിള്ള മറുപടി നല്‍കി.
ഇതിനിടെ നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരാജ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി പ്രതി ഹാജരായത്.
ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്യല്‍. കേസില്‍ രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപിന് നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ദിലീപ് അടക്കമുള്ളവരെയും ഈയാഴ്ച നോട്ടീസ് നല്‍കിയ ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.




