ഹജ്ജ് കർമത്തിനായി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം പുണ്യഭൂമിയിൽ

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ പ്രഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജി. അയാദ് അബ്ദുറഹ്മാൻ റഹ്‌ബിനി എന്നിവരും മറ്റ് മുതിർന്ന സൗദി ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.സ്വാഗത ഗാനങ്ങൾ ആലപിച്ചും സംസം തീർത്ഥവും ഈത്തപ്പഴവും നൽകിയുമാണ് സൗദി അധികൃതർ തീർത്ഥാടകരെ വരവേറ്റത്.

ആദ്യദിനം പത്ത് വിമാനങ്ങളിലായി ആകെ 3860 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് മദീനയിലെത്തുന്നത്. മുംബൈയിൽ നിന്നുള്ള 402 തീർത്ഥാടകരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്. തുടർന്ന് കൊൽക്കത്തയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിലായി 700 പേരും, ഗുവാഹത്തിയിൽ നിന്ന് 326 പേരും, ഡൽഹിയിൽ നിന്ന് 810 പേരും ഉച്ചയോടെ മദീനയിലെത്തി.

ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവും ആത്മീയമായി നിറഞ്ഞതുമായ ഒരു ഹജ്ജ് അനുഭവം ഉണ്ടാകട്ടെ എന്ന് ഇന്ത്യൻ എംബസി ആശംസിച്ചു.

കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് എത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഏപ്രിൽ 30-ന് പുറപ്പെടും.

Share news
error: Content is protected !!
Scroll to Top