എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം നാളെ തന്നെ; മന്ത്രിയില്ലാതെ പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം നാളെ തന്നെയുണ്ടാകും. ഇന്നലെ ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രി ഇല്ലാതെയായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാകുക. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. മെയ് 15 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക.

മന്ത്രിസഭ രൂപീകരണം വൈകിയതോടെയാണ് ഫലപ്രഖ്യാപനത്തിൽ അവ്യക്തതകൾ ഉണ്ടായത്. മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എന്നീ പോസ്റ്റുകളിൽ ആളില്ലാതായതോടെ ആര് പ്രഖ്യാപിക്കും എന്നതും ആശങ്കയായി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

എസ്എസ്എൽസി ഫലം അറിയാൻ കാലതാമസം ഉണ്ടായാൽ അത് വിദ്യാർഥികളുടെ പ്ലസ് വൺ അഡ്മിഷനെ അടക്കം ബാധിക്കുമെന്ന് കണക്കുകൂട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top