ഒരു പെരുമഴക്കാലത്തെ നീല ബുധന്‍

വർണങ്ങൾ വസന്തം തീർക്കുന്നത് ബുധനാഴ്ചകളിൽ മാത്രമായ ഒരു കാലഘട്ടത്തിലാണ് ഞാനിന്ന് എന്നെ ഓർക്കുന്നത്.
വർഷം 1989. യൂണിഫോമിന്റെ അസ്വാതന്ത്ര്യത്തിൽ നിന്ന് വീക് ലി ലഭിക്കുന്ന സ്വാതന്ത്ര്യം. ബുധൻ. മറ്റു ബുധനാഴ്ചകളിൽ നിന്നും മാറ്റി ഓർത്തെടുക്കാൻ ഈ പെരുമഴക്കാലത്ത് ഒരു “നീല ബുധൻ “.
രാവിലേ തുടങ്ങിയ മഴ.. കറന്റില്ല.. ഇസ്തിരിയിടൽ നടന്നില്ല. പരാതി കേൾക്കണ്ടെന്ന് കരുതിയാവും അമ്മ ഒരു പുതിയ ചുരിദാർ ഇടാൻ അനുവാദം തന്നു. വില കൂടിയതൊന്നുമല്ലെങ്കിലും മനോഹരമായിരുന്നു അത്. ഇളം നീലയും മഞ്ഞയും ചേർന്ന കോട്ടൺ ചുരിദാർ. പുതുവസ്ത്രത്തിന്റെ സന്തോഷത്തിൽ പുസ്തകക്കെട്ടും  ചേർത്തു പിടിച്ച് കുടയുമെടുത്ത് നടന്നു. മഴയല്പം മാറി നിന്നിരുന്നു അപ്പോൾ. പക്ഷെ ടൗണിൽ എത്തിയപ്പോഴേക്ക് മഴ ശക്തമായി. എത്ര ശ്രമിച്ചിട്ടും കുട ചരിച്ചു പിടിച്ചിട്ടും വശങ്ങളിൽ നിന്നും മഴത്തുള്ളികൾ വസ്ത്രങ്ങളെ ഈറനാക്കി.
തിരക്കിട്ടു നടന്നു. ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ ലൈനിലേക്കുള്ള ഇടുങ്ങിയ വഴിയിൽ കൂടെ, റെയിൽ കടന്നു പ്ലാറ്റ്ഫോമിലെത്തുമ്പോഴാണ് ഞാൻ കാലിലേക്ക് നോക്കിയത്. കാലാകെ നീല നിറം. കോട്ടൺ അതിന്റെ തനിനിറം കാണിച്ചു. നാണക്കേട്….കരച്ചിൽ….ഈ വർണക്കാലുമായി എങ്ങനെ ക്ലാസിൽ ? തിരിച്ചു പോയാലോ? അനാവശ്യമായ ലീവിന്റെ ശിക്ഷ ഓർത്തു.. ക്ലാസിലേക്ക് നടന്നു.
കുട ഒന്നുകൂടി താഴ്ത്തിപ്പിടിച്ചു.. ആരും മുഖം കാണണ്ട. ചുറ്റിലും വീഴുന്ന നീലത്തുള്ളികളും നോക്കി ധൃതിയിൽ. പെട്ടെന്നാണ് ഒരു കൈ വന്ന് കുട ഉയർത്തിയതും കുടയ്ക്കുള്ളിലേക്ക് ഒരാൾ കടന്ന് കയറിയതും. എന്റെ നാണക്കേടിലേക്ക് ഓടിക്കയറിയതാരെന്ന് മുഖം ഉയർത്തി നോക്കി. അപരിചിതൻ.” ക്ഷമിക്കണം, ഒരു ഇന്റർവ്യൂവിന് പോവുകയാണ്. കുടയില്ല.. ഈ സർട്ടിഫിക്കറ്റുകൾ നനയാതിരിക്കാൻ വേണ്ടിയാണ് ട്ടോ. റൂഫ് ഉള്ള ഭാഗം വരെ. പ്ലീസ്” മറുപടി ആവശ്യമുണ്ടായിരുന്നില്ല, നടത്തം നിർത്തിയിരുന്നില്ലല്ലോ.
റൂഫിനടിയിലെത്തിയപ്പോൾ വന്നപോലെ, ഓടിപ്പോവുകയും ചെയ്തു.
ആ ദിവസത്തിന്റെ സങ്കടത്തിലേക്ക് അതും കൂടെ ചേർത്തുവെച്ച് ഞാനിരുന്നു. നീലക്കാലുമായി. കാരണം, എന്റെ പിന്നാലെയുണ്ടായിരുന്ന ഒരു സഹപാഠി എനിക്ക് ചുറ്റും ഒഴുകിപ്പടർന്ന നിറത്തേക്കാൾ നിറം പിടിപ്പിച്ച മറ്റെന്തോ ക്ലാസിൽ പറഞ്ഞിരുന്നു. വീട്ടിലെത്തി സങ്കടമൊഴുക്കി കളഞ്ഞു. അച്ഛനുമമ്മയും അപരാധികളെപ്പോലെ നിന്നു. ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു. അവരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി പിന്നെ സ്വയം ആശ്വസിച്ചു. കണ്ണന്റെ നിറം ഇങ്ങനെ ആണല്ലോ..
പിറ്റേന്ന് പതിവുപോലെ സ്കൂളിലേക്ക്. മഴയില്ല…. പ്ലാറ്റ്ഫോമിൽക്കൂടെ ഇടംവലം നോക്കാതെ നടക്കുമ്പോൾ പിന്നിൽ നിന്നും വിളി … ഏയ്.. ഹലോ .ഏയ്..
തിരിഞ്ഞ് നോക്കിയില്ല. ആൾ ഓടി വന്ന് ഒപ്പം നടന്നപ്പോഴാണ് മുഖത്തേക്ക് നോക്കിയത്. “ഇന്നലെ സർട്ടിഫിക്കറ്റുകൾ രക്ഷപ്പെട്ടു. പക്ഷെ എന്റെ കാലിലെ നീല നിറം എങ്ങനെ കളയുമെന്നറിയാതെ കുറേ കഷ്ടപ്പെട്ടു. പിന്നെ ഒരു സമാധാനം കള്ളക്കണ്ണന്റെ നിറം നീലയാണല്ലോ ലേ.. ” അറിയാതെ ഒന്നു ചിരിച്ചു. ആ ചിരിയിൽ മറുപടിയൊതുക്കി വേഗം നടന്നു. വർഷമെത്ര കഴിഞ്ഞു.  ഇന്നും ആ മുഖം എവിടെങ്കിലും വെച്ചു കാണുമ്പോൾ ഒരു നാണക്കേട് നീല നിറത്തിൽ ഉള്ളിൽ നിറയും.. മായാതെ….

Related Articles