Section

malabari-logo-mobile

സാഹിത്യകാരി പി വത്സല അന്തരിച്ചു

HIGHLIGHTS : Malayalam's beloved writer P Vatsala passed away

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2021 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും പി വത്സലയെ തേടിയെത്തിയിട്ടുണ്ട്. സംസ്‌കാരം വിദേശത്തുള്ള മകന്‍ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്.

തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. നെല്ല് , എന്റെ പ്രിയപ്പെട്ട കഥകള്‍ , ഗൗതമന്‍ , മരച്ചോട്ടിലെ വെയില്‍ ചീളുകള്‍ തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. നെല്ല് ആണ് ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവിയും വത്സല അലങ്കരിച്ചിട്ടുണ്ട്.

sameeksha-malabarinews

നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. എസ്.പി.സി.എസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ. ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി.

1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡ്. പഠനം പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാധ്യാപികയായിരുന്നു. 1993 മാര്‍ച്ചില്‍ അവിടെനിന്നാണ് വിരമിക്കുന്നത്.

സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.  1961-ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് എന്‍.വി. കൃഷ്ണവാരിയരുടെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ രൂപവത്കരിച്ച കേരള സാഹിത്യസമിതിയിലെ നിറസാന്നിധ്യം കൂടിയായിരുന്നു വത്സല. കഴിഞ്ഞ 17 വര്‍ഷമായി സാഹിത്യസമിതി അധ്യക്ഷകൂടിയായിരുന്നു അവര്‍.

മലാപ്പറമ്പ് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ ‘അരുണ്‍’ വീട്ടിലായിരുന്നു താമസം. നടക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുണ്‍ (ബാങ്ക് ഉദ്യോഗസ്ഥന്‍, ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡോ. കെ. നിനകുമാര്‍, ഗായത്രി. സഹോദരങ്ങള്‍: പി. സുമതി, പി. സബിത, പി. സുരേന്ദ്രന്‍, പി. രവീന്ദ്രന്‍, പി. ശശീന്ദ്രന്‍.

ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ വത്സല സമ്പന്നമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!