തിരൂരില്‍ ഇരുപ്രദേശങ്ങള്‍ തമ്മില്‍ സംഘര്‍ഷം;മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു

തിരൂര്‍: ഇരുപ്രദേശങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കൂട്ടായി പടിഞ്ഞാറെക്കരയിലാണ് ഇരു പ്രദേശക്കാര്‍ തമ്മില്‍ വള്ളമിറക്കുന്നതിനെ ചൊല്ലിതര്‍ക്കമുണ്ടായത്. തര്‍ക്കത്തില്‍ മത്സ്യത്തൊഴിലാളി മരക്കാരു പുരക്കല്‍ മനാഫിനാണ് വെട്ടേറ്റത്.

വാടിക്കല്‍, മൂന്നങ്ങാടി പ്രദേശക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കുറച്ച് ദിവസങ്ങളായി ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട് .കഴിഞ്ഞ ദിവസം മൂന്നങ്ങാടി സ്വദേശിക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പകരമായാണ് ഇന്നത്തെ ഏറ്റുമുട്ടല്‍.

സംഭവത്തില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും, വൈകുന്നേരം ഇരുകൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്നും തിരൂര്‍ എസ്.ഐ. സുമേഷ് സുധാകര്‍ പറഞ്ഞു. പരിക്കേറ്റ മനാഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Related Articles