Section

malabari-logo-mobile

മുട്ടിച്ചിറ ആണ്ട് നേര്‍ച്ചക്ക് ഞായറാഴ്ച കൊടി ഉയരും

HIGHLIGHTS : തിരൂരങ്ങാടി: ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 183-ാം ആണ്ട് നേര്‍ച്ച ജൂണ്‍ 9, 10, 11 (ഞായര്‍, തിങ്കള്‍, ചൊവ്വ) തിയ്യതികളില്‍ നടക്കും. 9നു...

തിരൂരങ്ങാടി: ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 183-ാം ആണ്ട് നേര്‍ച്ച ജൂണ്‍ 9, 10, 11 (ഞായര്‍, തിങ്കള്‍, ചൊവ്വ) തിയ്യതികളില്‍ നടക്കും. 9നു ഞായറാഴ്ച അസര്‍ നമസ്‌കാരാനന്തരം സയ്യിദ് സലിം ഐദീദ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ 3 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ശുഹദാക്കളുടെ മഖ്ബറയില്‍ സിയാറത്ത് നടക്കും. വൈകുന്നേരം 7 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
ജൂണ്‍ 10ന് തിങ്കളാഴ്ച 7 മണിക്ക് നടക്കുന്ന മതപ്രഭാഷണം സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അല്‍ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം സംസാരിക്കും.
ജൂണ്‍ 11ന് ചൊവ്വാഴ്ച സുബ്ഹി നമസ്‌കാരാനന്തരം ഇബ്രാഹിം ബാഖവി എടപ്പാളിന്റെ നേതൃത്വത്തില്‍ മഖാമില്‍ മൗലീദ് പാരായണം നടക്കും. തുടര്‍ന്ന് വിവിധ സമയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും, മൗലീദ് പാരായണങ്ങള്‍ക്കും സയ്യിദ് ഫള്ല്‍ ശിഹാബ് തങ്ങള്‍ മേല്‍മുറി, സയ്യിദ് ബാപ്പു തങ്ങള്‍ സിദ്ദീഖാബാദ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും.
വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന മഹാസംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ സംസാരിക്കും.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമാപന പ്രാര്‍ത്ഥനക്കും മൗലീദിനും നേതൃത്വം നല്‍കും. എം.ടി. അബ്ദുള്ള മുസ്ലിയാര്‍, ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് സംബന്ധിക്കും.
നേര്‍ച്ചക്കായി വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന വിശ്വാസികള്‍ക്ക് 11 ന് രാവിലെ 6 മണി മുതല്‍ പത്തിരി വിതരണം ചെയ്യും.

sameeksha-malabarinews

പള്ളിയില്‍ ഭജനയിരിക്കുകയായിരുന്ന വിശ്വാസികളെ ബ്രിട്ടീഷുകാര്‍ അക്രമിക്കുകയും പതിനൊന്ന് പേര്‍ തല്‍ക്ഷണം മരണപ്പെടുകയുമാണുണ്ടായത്. പ്രദേശത്തെ ഹിന്ദു, മുസ്ലീം സൗഹൃദം തകര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ഇത്. മതപരമായ അനുഷ്ഠാനങ്ങള്‍ നടത്തുന്നത് തടയുകയും അതുമൂലം സൗഹൃദാന്തരീക്ഷം തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പൊരുള്‍. തങ്ങളുടെ വിശ്വാസ നിലനില്‍പ്പിനു വേണ്ടിയും, ബ്രിട്ടീഷുകാരെ പ്രതിരോധിക്കുന്നതിനും മത സൗഹാര്‍ദത്തിനും വേണ്ടിയാണ് മുട്ടിച്ചിറയില്‍ 11 പേര്‍ വീരമൃത്യു വരിച്ചത്. അവരുടെ സ്മരണക്കായാണ് എല്ലാ വര്‍ഷവും ശവ്വാല്‍ 7 ന് മുട്ടിച്ചിറ ശുഹദാക്കളുടെ നേര്‍ച്ച നടത്തിവരുന്നത്.

മുന്‍കാലങ്ങളില്‍ ഇറച്ചിയും പത്തിരിയുമാണ് നല്‍കിയിരുന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ മുട്ടിച്ചിറയില്‍ വന്ന് അതിന് കാത്തിരിക്കലാണ് പതിവ്. എന്നാല്‍ 25 കൊല്ലത്തോളമായി ഇറച്ചി വിതരണം നടത്തുന്നതിന് പകരം നേര്‍ച്ചക്ക് വരുന്നവരെ അപ്പോള്‍ തന്നെ പിരിച്ചയക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ചീരിണിയായി പത്തിരി നല്‍കുകയും ചെയ്യും.
മതമൈത്രിയുടെ വിളനിലമാണ് മുട്ടിച്ചിറ. മലബാറിലെ ഉത്സവങ്ങളുടെ സമാപനമായ കളിയാട്ട മഹോത്സവത്തിനെത്തുന്ന ഹൈന്ദവ സുഹൃത്തുക്കള്‍ മുട്ടിച്ചിറ പള്ളിയില്‍ കാണിക്ക വെച്ചു കൊണ്ടാണ് കളിയാട്ടക്കാവിലേക്ക് പോകാറ്. നൂറ്റാണ്ടുകളായി ഈ സൗഹൃദം തുടര്‍ന്ന് വരുന്നു. ആര്‍ഭാടങ്ങളില്ലാതെ നടത്തുന്ന ചുരുക്കം ചില നേര്‍ച്ചകളിലൊന്നാണ് മുട്ടിച്ചിറ നേര്‍ച്ച.

ജന്മ നാടിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മരണപ്പെട്ടവര്‍ 11 പേരാണ്. ഇവരുടെ സ്മരണക്ക് ഒരു പെട്ടി പത്തിര അഥവാ 11 പത്തിരിയും മമ്പുറം തങ്ങളുടെ സ്മരണക്കായി ഒരു പത്തിരിയും ഉള്‍പ്പെടുത്തി 12 പത്തിരിയാണ് നേര്‍ച്ചയാക്കാറ്. ഭക്ഷ്യ വസ്തുക്കളും കോഴികളും മറ്റും നേര്‍ച്ചക്കായി വിശ്വാസികള്‍ നല്‍കാറുണ്ട്. നേര്‍ച്ച കഴിഞ്ഞ ഉടനെ നേര്‍ച്ചയുടെ വരുമാനം ഉപയോഗിച്ച് അരി വിതരണം നടത്തുകയും ചെയ്യുന്നു.
മൂന്നിയൂര്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയാണ് നേര്‍ച്ച നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല്കമ്മിറ്റി ഭാരവാഹികളായ പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി, കൈതകത്ത് അലവി ഹാജി, ഹനീഫ മൂന്നിയൂര്‍, ഹനീഫ ആല്‍ച്ചാട്ടില്‍, പൂക്കാടന്‍ മുസ്തഫ, കൈതകത്ത് സലീം, കെ.പി. അബ്ദുറഹിമാന്‍കുട്ടി ഹാജി, ഇളവട്ടശ്ശേരി മുഹമ്മദ് ഹാജി (വല്ല്യാവ) എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!