മഹ്മൂദ് നഹയുടെ വീട്ടുമുറ്റത്ത് സിങ്കപ്പൂര്‍ സീതാപഴത്തിന് നൂറുമേനി

ഹംസ കടവത്ത്
പരപ്പനങ്ങാടി: മണ്ണില്‍ പൊന്നുവിളയിക്കാന്‍ പ്രായം തടസമല്ലെന്ന് തെളിയിച്ച് പരപ്പനങ്ങാടി സ്വദേശി കിഴക്കിനിയകത്ത് മഹ്മൂദ് നഹ. എണ്‍പത് പിന്നിട്ട മഹ്മൂദ് നഹ വീട്ടുമുറ്റത്ത് പാകിയ വിദേശ ചെടികളില്‍ നൂറുമേനി വിളയിക്കാനുള്ള കഠിനാദ്ധ്വാനത്തിനാണ് ലോക് ഡൗണ്‍ തുണയായത്. വയലറ്റ് നിറമുള്ള സിങ്കപ്പൂര്‍ സീതാ പഴം ഇത്തവണ മൊട്ടിട്ടതോടെ അദേഹം ചെടിയോടപ്പം തന്നെയായിരുന്നു. ലോക് ഡൗണ്‍ തീര്‍ത്ത വീട്ടുതടങ്കല്‍ ചെടികളോടും പഴങ്ങളോടും സമയം ചെലവഴിക്കാന്‍ നീക്കിവെച്ചതോടെ അവ തിരിച്ചും മനസിന് ഏറെ സന്തോഷം നല്‍കിയതായി അദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലേഷ്യന്‍ സന്ദര്‍ശത്തിനിടെയാണ് അദേഹം അവിടെ നിന്നും സിങ്കപ്പൂര്‍ സീതാ പഴത്തിന്റെ വിത്ത് നാട്ടിലെത്തിച്ചത്. നാട്ടില്‍ വിളയുന്ന സീതാ പഴത്തിന് സമാനമായി പച്ച നിറത്തില്‍ മൊട്ടിട്ട് വരുന്ന ഈ വിദേശി മൂപ്പെത്തും തോറും നിറം മാറി വയലെറ്റാകും. നിറം കണ്ടാല്‍ തന്നെ മൂപ്പറിയാമെന്നും രുചിയിലും ‘സിങ്കപ്പൂര്‍ സീത’ നാടന്‍ സീതപഴത്തേക്കാള്‍ മുന്നിലാണെന്നും മഹ്മൂദ് നഹ പറഞ്ഞു.

കര്‍പ്പൂരം മുതല്‍ പപ്പായ വരെ നിറഞ്ഞ് നില്‍ക്കുന്ന വീട്ടുമുറ്റത്ത് പാഴ്‌ചെടികള്‍ക്ക് ഇടമില്ല. വിദേശ പഴങ്ങളായ അസല്‍ നട്ട്, ലബനാന്‍ നാരങ്ങ, തുടങ്ങി മാങ്കോസ്റ്റിന്‍, അത്തചക്ക എന്ന മുള്ളന്‍ ചക്ക, കൊലച്ചിലില്ലാത്ത തെങ്ങ്, ജാതിക്ക, തുടങ്ങി വ്യത്യസ്ത ഇനങ്ങളാണ് വീട്ടുമുറ്റത്തും തൊടിയിലും നിറഞ്ഞുനില്‍ക്കുന്നത്.

മണ്ണ് തരിശിടുന്നതിനോട് ഒരുയോജിപ്പും ഇദേഹത്തിനില്ല. മണ്ണിനോടിണങ്ങിയാല്‍ മണ്ണില്‍ മുളക്കാത്തതായി ഒന്നുമില്ലന്നാണ് മഹ്മൂദ് നഹയുടെ പക്ഷം. മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ നിത്യേനെ കുറച്ച് സമയം നീക്കിവെക്കാന്‍ സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധിത നിയമം കൊണ്ടുവരണമെന്നുമാണ് അദേഹം മുന്നോട്ടു വെക്കുന്ന കര്‍ഷക സന്ദേശം.