Section

malabari-logo-mobile

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

HIGHLIGHTS : അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കും

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിനായി മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയെങ്കിലും നിലവില്‍ തുടരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇളവുകളോടെയുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ തുടരുന്നത്. രോഗവ്യാപനം തടയുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് അനുവദിച്ച ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. വിവിധ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല.

പ്രതിരോധം, കേന്ദ്ര സായുധ സേനാ വിഭാഗങ്ങള്‍, ട്രഷറി, പെട്രോളിയം – സി.എന്‍.ജി, എല്‍.പി.ജി, പി.എന്‍.ജി എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദന വിതരണ സംവിധാനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വകുപ്പ് സ്ഥാപനങ്ങള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനങ്ങള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, ദൂരദര്‍ശന്‍ കേന്ദ്രം, ആകാശവാണി, കേന്ദ്ര ജലവിഭവ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ട് (എം.പി.സി.എസ്, ഇ.ഡബ്ല്യു.ഡി.എസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വെ, പെട്രോനെറ്റ്/എല്‍.എന്‍.ജി വിതരണം, വിസ കോണ്‍സുലര്‍ സര്‍വ്വീസ്/ ഏജന്‍സികള്‍, റീജനല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍, കസ്റ്റംസ് സര്‍വ്വീസ്, ഇ.എസ്.ഐ സര്‍വ്വീസുകള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. ഇതൊഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും, കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും ലോക്ക് ഡൗണ്‍ കഴിയും വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.

sameeksha-malabarinews

സംസ്ഥാന സര്‍ക്കാറിനു കീഴില്‍ വരുന്ന ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, കേരള ഐ.ടി. മിഷന്‍, ജലസേചനം, സാമൂഹ്യനീതി, മൃഗസംരക്ഷണം, പ്രിന്റിംഗ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, അഗ്‌നി രക്ഷാ സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കളക്ടറേറ്റ്, ട്രഷറി, വൈദ്യുതി, ജലവകുപ്പ്, ശുചീകരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, ഗതാഗത വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, മാതൃ ശിശു വകുപ്പ്, ക്ഷീര വികസന വകുപ്പ്, നോര്‍ക്ക എന്നീ വിഭാഗങ്ങള്‍ക്കും മുഴുവന്‍ ദിവസവും പ്രവര്‍ത്തനാനുമതിയുണ്ട്. മറ്റ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും, സര്‍ക്കാരിന് കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങളും, കോര്‍പ്പറേഷനുകളും ലോക്ക് ഡൗണ്‍ കഴിയും വരെ തുറന്നു പ്രവര്‍ത്തിക്കരുത്.

പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളില്‍ കോവിഡ് മാനേജ്മെന്റ് ജോലികളില്‍ നേരിട്ട് ഇടപെടാത്ത സ്ഥാപനങ്ങള്‍ ജോലിക്കാരെ പരമാവധി കുറച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി എല്ലാ വകുപ്പുകളിലെയും ഏറ്റവും കുറഞ്ഞ ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടതാണ്. പരീക്ഷ സംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുളളവരും ജോലിക്ക് ഹാജരാകണം. കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ മുതലായ എല്ലാ സ്ഥാപനങ്ങളിലേയും പകുതി ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജൂണ്‍ ഏഴ് മുതല്‍ ജോലിക്ക് ഹാജരാകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍/സ്വകാര്യ മേഖലയിലുള്ള ആശുപത്രികളും അതിനോടനുബന്ധിച്ച മെഡിക്കല്‍ സ്ഥാപനങ്ങളും (നിര്‍മ്മാണ വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ) മെഡിക്കല്‍ ഉപകരണ കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിംങ് ഹോമുകള്‍, ആംബുലന്‍സ് സര്‍വ്വിസുകള്‍ എന്നിവ പ്രവര്‍ത്തിക്കാം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലി ആവശ്യത്തിനുള്ള യാത്ര അനുവദിക്കും. ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും ജീവനക്കാരുടെ യാത്രകള്‍ക്കും യാതൊരു തടസ്സവുമില്ലെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

കൃഷി, പച്ചക്കറി, മത്സ്യം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടുള്ള അത്യാവശ്യ യാത്രകള്‍ അനുവദിക്കും. അതിവേഗം നശിച്ചു പോകുന്ന കാര്‍ഷിക സാധനങ്ങളുടെ സംഭരണം, വിതരണം എന്നിവയും അനുവദിക്കുന്നതാണ്. താഴെ പറയുന്നവയൊഴികെയുള്ള വാണിജ്യ സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

• ഭക്ഷ്യ വസ്തുകള്‍ വില്‍ക്കുന്ന കടകള്‍ (റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പഴം പച്ചക്കറി കടകള്‍, പാലുത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ മാംസ വില്‍ക്കുന്ന കടകള്‍, മൃഗങ്ങളുടെ തീറ്റ, വളര്‍ത്തു പക്ഷികളുടെ തീറ്റ എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍, ബേക്കറികള്‍. ഇത്തരം കടകള്‍ പ്രധാനമായും ഹോം ഡെലിവറി നടത്തേണ്ടതാണ്. മേല്‍ പറഞ്ഞ ഷോപ്പുകള്‍ രാത്രി 7.30 ന് നിര്‍ബന്ധമായും അടക്കണം.
• ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വ്വീസുകള്‍/ ഹോംഡെലിവറികള്‍ക്കായി രാവിലെ 7 മണി മുതല്‍ വൈകിട്ട് 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
• ഇലക്ടോണിക് അച്ചടി മാധ്യമങ്ങള്‍.
• കേബിള്‍, ഡി.ടി.എച്ച് സര്‍വ്വീസുകള്‍.
• ടെലി കമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ്, പ്രക്ഷേപണ സര്‍വ്വീസുകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (അക്ഷയ സെന്റര്‍ ഉള്‍പ്പടെ) അനുബന്ധ സേവനങ്ങള്‍.
• ഭക്ഷ്യ, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം (മെഡിക്കല്‍ ഉപകരണങ്ങള്‍ ഇ-കൊമേഴ്സ് വഴി ഹോം ഡെലിവറി നടത്തുന്നവയാകണം)
• പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി, പെട്രോളിയം & ഗ്യാസ് സംഭരണ വിതരണ കേന്ദ്രങ്ങള്‍.
• വൈദ്യതി ഉല്‍പാദന പ്രസരണ വിതരണ യൂണിറ്റുകളം അവയുടെ സേവനങ്ങളും.
• സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റിയില്‍ ഉള്‍പ്പെട്ട മെമ്പര്‍ ബാങ്കുകളുടെ ക്ലിയറിംങ് ഹൗസുകള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിമിതമായ ജോലിക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.
• കോള്‍ഡ് സ്റ്റോറേജ്, വെയര്‍ ഹൗസ് സര്‍വ്വീസുകള്‍.
• പ്രൈവറ്റ് സെക്യൂറിറ്റി സര്‍വ്വീസുകള്‍.
• ശുചീകരണ സാമഗ്രികളുടെ വിതരണം.
• കോവിഡ് -19 അനുബന്ധമായി മാസ്‌ക്, സാനിറ്റൈസര്‍, മരുന്നുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവയുടെ സ്വകാര്യ നിര്‍മ്മാണ യൂണിറ്റുകള്‍.
• നിര്‍മ്മാണ സാമഗ്രികള്‍, പ്ലംമ്പിംങ്ങ്, ഇലക്ട്രിക്കല്‍ & അലുമിനിയം ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉല്‍പ്പടെ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
• പുസ്തകങ്ങള്‍ ഇ-കൊമേഴ്സ് വഴിയും/ ഹോംഡെലിവറി വഴിയും വിതരണം അനുവദനീയമാണ്.
• സ്റ്റേഷനി കടകള്‍ക്ക് പ്രവര്‍ത്തന അനുമതി ഉണ്ടായിരിക്കുന്നതല്ല.
• ഇ-കൊമേഴ്സ്, കൊറിയര്‍ എന്നിവ (ഇവക്ക് ഉപയോഗിക്കുന്ന വാഹനം ഉള്‍പ്പടെ).
• അവശ്യ സേവനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍.
• ടോള്‍ ബൂത്തുകള്‍, മത്സ്യ ബന്ധനം, ഉള്‍ നാടന്‍ മത്സ്യ ബന്ധനം, അക്വാകള്‍ച്ചര്‍.
• പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ്.

അനുവദനീയവും അല്ലാത്തതുമായ വിവരങ്ങള്‍

• വ്യവസായ സ്ഥാപനങ്ങളും ഉല്‍പാദന കേന്ദ്രങ്ങളും (കശുവണ്ടി, കയര്‍, പ്രിന്റിംഗ് എന്നിവ ഉള്‍പ്പടെ) 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
• ആവശ്യാനുസരണം ഇന്റസ്ട്രിയല്‍ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് കുറഞ്ഞ ബസുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്താവുന്നതാണ്.
• പൈനാപ്പിളുകളുടെ ശേഖരണവും അനുബന്ധ ജോലികള്‍ക്കുമായി അതിഥി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാവുന്നതാണ്.
• ടോലികോം ടവറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണ്.
• ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍ ടൂറിസ്റ്റുകള്‍/ ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടവര്‍/ ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റു അടയിന്തര പ്രാധാന്യമുള്ള ജീവനക്കാര്‍, വ്യോമ/ കടല്‍ ഗതാഗത ജീവനക്കാര്‍ എന്നിവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, മോട്ടലുകള്‍, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍, ക്വാറന്റൈന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
• വിദ്യാഭ്യാസ, ട്രൈനിംഗ്, റിസര്‍ച്ച്, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
• ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
• എല്ലാ വിധ സാമൂഹ്യ/ രാഷ്ട്രീയ/ കായിക/ വിനോദ/ സാംസ്‌കാരിക/ മതപരമായ കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.
• മരണാനന്തര ചടങ്ങുകള്‍ക്ക് 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്, വിവരങ്ങള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
• മുന്‍കൂട്ടി തീരുമാനിച്ച വിവാഹ ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. ചടങ്ങ് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
• കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വളണ്ടിയര്‍മാരുടെ യാത്രകള്‍ അനുവദിക്കുന്നതാണ്.
• ഇലക്ടിക്കല്‍, പ്ലംബിംഗ്, സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളിലെ അറ്റകുറ്റ പണികള്‍ക്കായി പോകുന്ന ലിഫ്റ്റ് ടെക്നിഷ്യന്‍മാര്‍ എന്നിവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
• മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
• വീട്ടു ജോലിക്കാര്‍, കിടപ്പിലായ രോഗികള്‍/ വീടുകളില്‍ തന്നെ കഴിയുന്ന വയോധികരായ രോഗികള്‍ എന്നിവരെ പരിചരിക്കാന്‍ പോകുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ യാത്രകള്‍ അനുവദിക്കും.
• നിര്‍മ്മാണ/ അറ്റകുറ്റ പണികള്‍ അനുവദിക്കുന്നതാണ്. ഗ്രാമീണ തൊഴിലുറപ്പ്, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളിലുള്‍പ്പെട്ട പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ച് പേരെ ഉള്‍പ്പെടുത്തി ചെയ്യാവുന്നതാണ്. ഇതിനായി തൊഴിലാളികള്‍ക്ക് ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രകളും അനുവദിക്കും. എന്നാല്‍ ഇത്തരം യാത്രകള്‍ പരമാവധി ചുരുക്കേണ്ടതാണ്.
• അവശ്യ വസ്തുക്കളുടെ ചരക്കു നീക്കത്തിന് നിയന്ത്രണങ്ങള്‍ ബാധകമല്ല.
• രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രികളില്‍ നിന്നും അനുവദിച്ച രേഖകള്‍ കാണിച്ച് ആശുപത്രികളിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.
• കോടതികളിലെ നേരിട്ട് ഹാജരാവേണ്ട സിറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനായി അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നേരില്‍ ഹാജരാകുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള കക്ഷികള്‍ക്കും യാത്ര അനുവദിക്കുന്നതാണ്.
• കള്ള് പാര്‍സലായി അനുവദിക്കുന്നതാണ്.
• പി.എസ്.സി മുഖാന്തരം നിയമിതരായ ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനായി നിയമന ഉത്തരവ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
• ടെലികോം ടവറുകളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അനുവദിക്കും.
• റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അഡൈ്വസ് അയക്കുന്നതിനായി ആവശ്യമായ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പ്രവര്‍ത്തിക്കാവുന്നതാണ്.
• പത്ത്, പന്ത്രണ്ട് ക്ലാസിലെ പരീക്ഷ പേപ്പര്‍ വാല്യൂവേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്കും അതിന് വേണ്ട ക്രമീകരണങ്ങല്‍ നടത്തേണ്ട മറ്റ് ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുള്ളതാണ്. ഇത്തരം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.
• കേരള എന്‍വിറോ ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന് മിനിമം ജീവനക്കാരെ ഉപയോഗിച്ച് ഹസാര്‍ഡസ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.
• വെട്ട് കല്ല്/ ചെത്ത് കല്ല് ഇവ ചെത്തി എടുക്കുവാനും വാഹനങ്ങളില്‍ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനും അനുമതിയുണ്ട്.
• റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനുള്ള അനുമതിയുണ്ട്. ഇതിനാവശ്യമായ സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കാം.
• ചരക്ക് ഗതാഗതം, അടിയന്തിര സാഹചര്യം എന്നിവ ഒഴികെയുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദനീയമല്ല. അടിയന്തിര സാഹചര്യത്തിലുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിര്‍ബന്ധമായും കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
• രാവിലെ അഞ്ച് മണി മുതല്‍ ഏഴ് മണി വരെ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരമാവധി അഞ്ച് പേര്‍ക്ക് പ്രഭാത സവാരി നടത്തുന്നത് അനുവദിക്കും. എന്നാല്‍ സായാഹ്ന സവാരിക്ക് ജില്ലയില്‍ അനുമതിയില്ല.
• വ്യവസായശാലകള്‍ക്കും, നിര്‍മ്മാണ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്.

പ്രത്യേക ദിവസങ്ങളിലായി മാത്രം പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍

തിങ്കള്‍

• ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• ടെക്സ്റ്റൈയില്‍സുകള്‍, ഫൂട്ട് വെയര്‍ കടകള്‍, ജ്വല്ലറികള്‍ എന്നിവ ഹോം ഡെലിവറി/ഓണ്‍ലൈന്‍ ഡെലിവറിക്കായി രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
• വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• സ്റ്റേഷനറി കടകള്‍ക്ക് അനുമതി ഇല്ല.
• ആര്‍.ഡി ഏജന്റുമാര്‍ക്ക് പണമടവിന് യാത്ര ചെയ്യാവുന്നതാണ്.
• ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.
• പ്രകൃതി ദത്ത റബ്ബറിന്റെ വില്‍പ്പനയും ചരക്കുനീക്കവും അനുവദിക്കും.

ചൊവ്വ

• മലഞ്ചരക്ക് വ്യാപര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.
• കയര്‍ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി പ്രവര്‍ത്തിപ്പിക്കാം.
• കണ്ണട വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• കൃത്രിമ കാലുകള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍.
• മൊബൈല്‍ ഫോണ്‍ , കംപ്യൂട്ടര്‍ എന്നിവ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ഇന്‍ഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍.

ബുധന്‍

• ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം അഞ്ച് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• ടെക്സ്റ്റൈയില്‍സുകളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓണ്‍ലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
• വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• സ്റ്റേഷനറി കടകള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല.

വ്യാഴം

• ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍.
• ഇന്‍ഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍.
• ടാക്സ് കണ്‍സല്‍ട്ടന്റ്സിനും, ജി.എസ്.ടി പ്രാക്ടീഷണര്‍മാര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

വെള്ളി

• ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.
• ടെക്സ്റ്റൈയില്‍സുകളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓണ്‍ലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
• വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• സ്റ്റേഷനറി കടകള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല.
• ടാക്സ് കണ്‍സല്‍ട്ടന്റ്സിനും, ജി.എസ്.ടി പ്രാക്ടീഷണര്‍മാര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
• പ്രകൃതി ദത്ത റബ്ബറിന്റെ വില്‍പ്പനയും ചരക്കുനീക്കവും അനുവദിക്കും.

ശനി

• കയര്‍ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അവ പ്രവര്‍ത്തിപ്പിക്കാം.
• കണ്ണട വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• കൃത്രിമ കാലുകള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍.
• മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ഇന്‍ഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍.

മുകളില്‍ സൂചിപ്പിച്ചവ ഒഴികെയുളള സേവന മേഖലയില്‍ ഉള്‍പ്പെട്ടവര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ മാത്രം ജോലി ചെയ്യേണ്ടതാണ്. അനുവദിച്ച ഇളവുകള്‍ക്കായുള്ള യാത്രകള്‍ മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ളത്. ഇളവ് ലഭിച്ച സ്ഥാപനങ്ങളും തൊഴിലാളികളും കോവിഡ് ജാഗ്രാതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇക്കാര്യം ബന്ധപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റ്മാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് എന്നിവര്‍ ഉറപ്പ് വരുത്തണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!