Section

malabari-logo-mobile

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

HIGHLIGHTS : KSRTC Budget Tourism Cell provides opportunity to visit Aranmula Vallasadya and Panda Temples

കെ.എസ്.ആര്‍.ടി.സിക്കൊപ്പം ഒരു അടിപൊളി തീര്‍ത്ഥയാത്ര പോയാലോ, തീര്‍ത്ഥയാത്രയെന്ന് പറഞ്ഞ് നെറ്റിചുളിക്കാന്‍ വരട്ടെ സംഭവം പൊളിയാണ്. എന്നും വ്യത്യസ്തമായ വിനോദയാത്രകള്‍ സംഘടിപ്പിച്ച് യാത്രാ പ്രേമികളെ ആകര്‍ഷിക്കുന്ന മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഇത്തവണ ഒരു അടിപൊളി തീര്‍ത്ഥാടന ടൂറിസം പാക്കേജുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 29, 30 ദിവസങ്ങളിലായ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര’ എന്ന ടാഗ് ലൈനില്‍ അവതരിപ്പിച്ചിരിക്കുന്ന യാത്രയില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുമൊക്കെയായി ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് പാക്കേജ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ അപൂര്‍വമായ പഞ്ചപാണ്ഡവക്ഷേത്രങ്ങള്‍ ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ താലൂക്കുകളിലായാണ് സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂര്‍, തിരുവാറന്‍മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങള്‍. ധര്‍മപുത്രന്‍, ഭീമസേനന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ എന്നിവര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കല്‍പ്പം. കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുര്‍ഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

യാത്രയുടെ മറ്റൊരു പ്രത്യേകതയാണ് ആറന്‍മുള വള്ളസദ്യ. പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തില്‍ 2023 ജൂലൈ 23 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടത്തുന്ന ആറന്‍മുള വള്ള സദ്യയിലെ ചടങ്ങുകള്‍ കാണാനും കരക്കാര്‍ക്ക് മാത്രം നല്‍കുന്ന 20 വിഭവങ്ങള്‍ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയിലും തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാം. ഇവയോടൊപ്പം ലോക ഭൗമ സൂചികാ പദവിയില്‍ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിര്‍മാണവും നേരില്‍ കാണാന്‍ അവസരം ലഭിക്കും.

യാത്രയില്‍ അധിക സമയം ലഭിക്കുകയാണെങ്കില്‍ മണ്ണാറശാല, ഹരിപ്പാട്, അമ്പലപ്പുഴ ക്ഷേത്രങ്ങളും കാണാനുള്ള അവസരം ലഭിക്കും. ജൂലൈ 29ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 30ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രയിലുടനീളം സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ ഓഡിയോ ടൂര്‍ ഗൈഡ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിര്‍മ്മിതിയുടെയും വിശദ വിവരങ്ങള്‍ ഈ ഓഡിയോ ടൂര്‍ ഗൈഡില്‍ നിന്ന് ലഭ്യമാകും.

പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ബ്രോഷര്‍ https://bit.ly/3Qshwus എന്ന ലിങ്കില്‍ നിന്നും ലഭിക്കും.
സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 9446389823,9995726885 നമ്പറുകളില്‍ വിളിക്കുകയോ വാട്സാപ്പില്‍ മെസ്സേജ് അയക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447203014. ഇ-മെയില്‍: btc.ksrtc@kerala.gov.in.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!