Section

malabari-logo-mobile

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പുതിയ വായ്പ പദ്ധതിയുമായി കെ.എസ്.എഫ്.ഇ.

HIGHLIGHTS : KSFE launches new loan scheme for students to purchase laptops

തിരുവനന്തപുരം: കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നേരത്തെ ഡിജിറ്റല്‍ പഠനസൗകര്യം എല്ലാവര്‍ക്കും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിദ്യ ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ തിരിച്ചടവില്‍ 15,000 രൂപയുടെ ലാപ്ടോപ്പുകള്‍ അനുവദിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 30 തവണകള്‍ ആയിട്ടായിരുന്നു വായ്പ തിരിച്ചടക്കേണ്ടത്. എന്നാല്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാമെന്നേറ്റ കമ്പനികള്‍ പിന്നോട്ടുപോയി. ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികള്‍ ലാപ്ടോപ്പുകള്‍ / ടാബ്ലറ്റുകളുടെ ബില്‍ / ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ 20,000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ.യില്‍ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ വായ്പ ലഭ്യമാകുക.

sameeksha-malabarinews

മാര്‍ക്കറ്റിലുള്ള മുന്‍നിര കമ്പനികള്‍ ആണ് വിദ്യാശ്രീ പദ്ധതി വഴി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാമെന്ന് ഏറ്റത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ആവശ്യത്തിനനുസരിച്ച് ഇവ വിതരണം ചെയ്യാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവാണ് ഇതിന് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ എത്താത്തതിനാല്‍ ലാപ്‌ടോപ്പ് ഉല്‍പാദനം നടക്കുന്നില്ലെന്നാണ് കമ്പനികളുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്.

വിദ്യാശ്രീ പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുക. 62,000 ഓളം പേരാണ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അയ്യായിരത്തോളം പേര്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനായത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്‌തെങ്കിലും ഇവ പലതും തകരാറിലായി.

ലാപ്ടോപ്പുകളും ടാബ്ലറ്റുകളും ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ കമ്പനികള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാന്‍ കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. നിലവില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള എച്ച്.പി., ലെനോവോ കമ്പനികളുടെ ലാപ്ടോപ്പുകള്‍ തന്നെ മതി എന്നുള്ളവര്‍ക്ക് കമ്പനികള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!