Section

malabari-logo-mobile

തട്ടിക്കൊണ്ടുപോകല്‍ കേസ് ; ആറ് മണിക്കൂര്‍ പിന്നിട്ട് ചോദ്യം ചെയ്യല്‍; മൊഴികളില്‍ വൈരുധ്യം

HIGHLIGHTS : Kidnapping case; Interrogation after six hours; Contradiction in statements

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ പിന്നിട്ടു. അടൂരിലെ പൊലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. എഡിജിപി എം ആര്‍ അജിത്കുമാര്‍ രാത്രി 9.30 ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടത്തിയിട്ടില്ല.

പത്മകുമാറിന്റെ മൊഴിയില്‍ അവ്യക്തത പൊലീസിനെ കുഴയ്ക്കുകയാണ്. തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയുടെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. മകള്‍ അനുപമയ്ക്ക് വിദേശത്ത് നഴ്സിംഗ് അഡ്മിഷന്‍ ലഭിക്കുന്നതിനായി ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് റെജിക്ക് പണം നല്‍കിയിരുന്നുവെന്നാണ് മൊഴി. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും ഇത് വൈരാഗ്യം ഉണ്ടാക്കാനിടയായെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി.

sameeksha-malabarinews

ഈ പണം തിരികെ ലഭിക്കാനാണ് റെജിയുടെ ആറ് വയസ്സുകാരി മകളെ തട്ടികൊണ്ടുപോയതെന്നും അവരുടെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുക മാത്രമാണ് ലക്ഷ്യമെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാവുകയെന്ന ചോദ്യമാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ പത്മകുമാറിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

തനിക്ക് രണ്ട് കോടിയുടെ കടബാധ്യതയുണ്ട്. ഫാം ഹൗസ് പണയപ്പെടുത്തി സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ കേസായി. വസ്തുവകകള്‍ വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു.

കേസില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ആരെന്ന കാര്യത്തിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ ഭാര്യ കവിതയാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്ന സംശയത്തിലാണ് പൊലീസ്. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീ ആയിരുന്നു വിളിച്ചത്. അതേസമയം തന്റെ കുടുംബത്തിന് തട്ടികൊണ്ടുപോകലുമായി ബന്ധമില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ഇത് കുടുംബത്തെ കേസില്‍ നിന്നും രക്ഷിക്കാനാണെന്ന് പൊലീസ് കരുതുന്നു. പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത ഭാര്യ കവിതയേയും മകള്‍ അനുപയേയും പൊലീസ് ചോദ്യം ചെയ്യും.

കുട്ടിയെ തട്ടികൊണ്ടുപോകാന്‍ മറ്റൊരു സംഘം സഹായിച്ചെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ട്. കിഡ്നാപ്പിന് സഹായിച്ച ഈ സംഘത്തിലെ ആരെങ്കിലുമാണോ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!