Section

malabari-logo-mobile

കോഴിക്കോടിന്റെ മഹോത്സവമായി കേരള സ്‌കൂള്‍ കലോത്സവം മാറി – പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍

HIGHLIGHTS : Kerala School Art Festival has become the festival of Kozhikode - Opposition leader V. D. Satheesan

കേരള സ്‌കൂള്‍ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരള സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ പരാതികള്‍ ഇല്ലാതെ മികച്ചരീതിയില്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന്
അദ്ദേഹം പറഞ്ഞു. കോവിഡ് വരുത്തിയ ഇടവേളക്ക് ശേഷം വന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം റിവഞ്ച് സ്‌കൂള്‍ കലോത്സവമായി ജനങ്ങള്‍ ഏറ്റെടുത്തു. കമ്മിറ്റികള്‍, അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍, വിവിധ വകുപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനങ്ങള്‍ തുടങ്ങി എല്ലാവരും ഒന്നിച്ചു നിന്ന് കലോത്സവത്തെ വിജയിപ്പിച്ചു.

sameeksha-malabarinews

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശുചിത്വ തൊഴിലാളികള്‍, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികള്‍, ദിവസേന കാല്‍ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളണ്ടിയര്‍മാര്‍, പോലീസ്, വിവിധ കമ്മിറ്റികള്‍ എന്നിവര്‍ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഏവരുടെയും ചടുലവും സമയബന്ധിതവുമായ ഇടപെടല്‍ കലോത്സവത്തെ പരാതികളില്ലാതെ മാതൃകാപരമായി നടപ്പാക്കാന്‍ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി സമ്മാനദാനം നിര്‍വഹിച്ചു. കലോത്സവ നാളുകളില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികള്‍ അടുത്ത കലോത്സവം മുതല്‍ ഉണ്ടാകും.
എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും കൃത്യസമയം പാലിച്ച് മേള നടത്താനായി എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പിന്തുണകൊണ്ടും ഉജ്ജ്വല വിജയം നേടിയ കലോത്സവമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാപ്റ്റന്‍ വിക്രമിന്റെ മാതാപിതാക്കളെ ചടങ്ങില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

ഗായിക കെ. എസ് ചിത്ര പ്രത്യേക ക്ഷണിതാവായിരുന്നു.
എം. കെ രാഘവന്‍ എം. പി, എളമരം കരീം എം. പി, എം. എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഡ്വ. കെ എം സച്ചിന്‍ ദേവ്, ടി. പി രാമകൃഷ്ണന്‍, ഇ. കെ വിജയന്‍, കെ. പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, പോലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ, ചലച്ചിത്ര താരം വിന്ദുജ മേനോന്‍
തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ടി. ഭാരതി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!